ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ വിരിപ്പന്തലുകൾ സജ്ജമായി. ഭക്തർക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകൾ, ഫാനുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
വിശ്രമിക്കുന്നതിനൊപ്പം അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനുമുള്ള പ്രത്യേക ക്രമീകരണങ്ങളും പന്തലുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഭക്തർക്ക് യാത്രാസൗകര്യം എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസി സർവീസുകളുടെ സമയവിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനവും ഇവിടെ ലഭ്യമാണ്.
ദീർഘദൂര യാത്രകളിലും ശബരിമല തീർത്ഥാടനത്തിനിടയിലും ക്ഷീണിതരാകുന്ന ഭക്തർക്ക് സുരക്ഷിതമായി അൽപ്പസമയം വിശ്രമിക്കാനും തുടർയാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങൾ ഏറെ സഹായകരമാകും. സുഖകരമായ തീർത്ഥാടനാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
വിശ്രമിക്കാം, നാമം ജപിക്കാം; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്റ്റേഷനുകളിൽ വിരിപ്പന്തലുകൾ ഒരുങ്ങി