തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വ്യോമപാതയിൽ ‘അജ്ഞാത വസ്തു’ ഉയർന്നുനിന്നത് അരമണിക്കൂറോളം പരിഭ്രാന്തി പരത്തി. സുരക്ഷാ ഭീഷണിയെത്തുടർന്ന് ലാൻഡിംഗിനായി എത്തിയ രണ്ട് വിമാനങ്ങൾ ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നു. വിമാനപാതയിൽ തടസ്സമുള്ളതായി പൈലറ്റുമാരാണ് എയർ ട്രാഫിക് കൺട്രോളിൽ (ATC) വിവരമറിയിച്ചത്.
തുടർന്ന് പൊലീസും വിമാനത്താവള ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വിമാനത്താവളത്തോട് ചേർന്നുള്ള പറമ്പിൽ കൂറ്റൻ ക്രെയിനിന്റെ കൈ (ബൂം) ഉയർന്നുനിൽക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ക്രെയിനിന്റെ ബൂം താഴ്ത്തിയ ശേഷമാണ് വിമാനങ്ങൾക്ക് ലാൻഡിംഗിന് അനുമതി നൽകിയത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വള്ളക്കടവ് ഭാഗത്തുള്ള റൺവേ 32-ന്റെ വ്യോമപാതയിൽ ഏകദേശം 50 മീറ്ററോളം ഉയരത്തിലാണ് ക്രെയിൻ നിന്നിരുന്നത്. വ്യോമസേനയുടെ എ.748 (Avro) സൈനിക വിമാനവും, തൊട്ടുപിന്നാലെ മാലദ്വീപിൽ നിന്ന് എത്തിയ ഇൻഡിഗോയുടെ 6E1130 വിമാനവുമാണ് ഈ സമയം ലാൻഡിംഗിനായി എത്തിയത്.
ദേശീയപാതയിലെ മുട്ടത്തറ ബെവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള പറമ്പിലായിരുന്നു ഈ കൂറ്റൻ ക്രെയിൻ നിർത്തിയിട്ടിരുന്നത്. ഏകദേശം പതിനാറ് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ക്രെയിനിന്റെ ഭാഗം നിലയുറപ്പിച്ചിരുന്നത്. വിമാനങ്ങൾ വളരെ താഴ്ന്ന് ലാൻഡ് ചെയ്യുന്ന മേഖലയായതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
തിരുവനന്തപുരത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വ്യോമപാതയിൽ 'അജ്ഞാത വസ്തുവായി' കൂറ്റൻ ക്രെയിൻ