കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്രസർക്കാർ. കാണാതായവരിൽ 33 പേർ കേരളത്തിൽ നിന്നുള്ളവരാണ്. അതേസമയം, പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 21 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണാതായവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. കാണാതായവരിൽ 73 പേർ ത്രിശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള 33 പേരെക്കുറിച്ചാണ് നിലവിൽ വിവരമില്ലാത്തത്. ഇവരുടെ പേരും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
മാനസസരോവർ തീർഥാടനത്തിനായി നേപ്പാളിലെത്തിയ തമിഴ്നാട്ടിൽ നിന്നുള്ളവരും കാണാതായവരുടെ പട്ടികയിലുണ്ട്. 37 പേരും 49 പേരും അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് ബന്ധപ്പെടാൻ കഴിയാത്തത്.തമിഴ്നാട്ടിൽ നിന്നുള്ള ഇവർ സാമ്രാട്ട്, ഫ്ലൈ എവറസ്റ്റ് ട്രാവൽസ് എന്നിവ വഴി മാനസസരോവർ യാത്രയ്ക്കായി എത്തിയവരാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരെയും കുറിച്ചും വിവരങ്ങൾ ലഭ്യമല്ല. നേപ്പാളിലെ ആശയവിനിമയ ശൃംഖലകൾ തകരാറിലായതാണ് പലരുമായി ബന്ധപ്പെടാൻ കഴിയാത്തതിന് പ്രധാന കാരണമെന്നും അധികൃതർ അറിയിച്ചു. കാണാതായ ഇന്ത്യക്കാരുമായി ബന്ധപ്പെടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യൻ എംബസി തീവ്രശ്രമം നടത്തുകയാണ്.
ദുരന്തത്തിൽ നേപ്പാൾ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിനൊപ്പം ഇന്ത്യയുണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയതായും മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ ദുരന്തബാധിത മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നേപ്പാൾ മിന്നൽ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല; 33 പേർ മലയാളികൾ, കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം