മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'L 368'ന് കൊച്ചിയിൽ ഔദ്യോഗിക തുടക്കമായി. ആശിർവാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 30 വെള്ളിയാഴ്ച കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ അണിയറപ്രവർത്തകരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. തുടർന്ന് പി.ജി. ജോർജും കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമ്മവും മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.
'വരനെ ആവശ്യമുണ്ട്' എന്ന തന്റെ ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയെന്നും, താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ അനൂപ് സത്യൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ആറു വർഷത്തെ ഇടവേള വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണെന്നും, മോഹൻലാലിനൊപ്പം സിനിമയുമായി തിരിച്ചെത്താൻ അനൂപിന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കി. സത്യൻ അന്തിക്കാട്, മുകേഷ്, ടൊവിനോ തോമസ് തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു.
ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള വിവരങ്ങൾ തൽക്കാലം പുറത്തുവിടുന്നില്ലെങ്കിലും എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് അനൂപ് സത്യൻ സൂചിപ്പിച്ചത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയ മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ സിനിമയുടെ ഷൂട്ടിംഗ് ഇടുക്കി, മംഗലാപുരം ഉൾപ്പെടെയുള്ള കർണാടകയിലെ വിവിധ ലൊക്കേഷനുകളിലായി പൂർത്തിയാകും. കൈതപ്രത്തിന്റെ വരികൾക്ക് ജെയ്ക്ക് ബിജോയ്‌സാണ് സംഗീതം നൽകുന്നത്. ഷഹ്‌നാസ് ജലാൽ ഛായാഗ്രഹണവും പ്രശാന്ത് മാധവൻ കലാസംവിധാനവും നിർവഹിക്കുന്നു.
മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L 368'ന് കൊച്ചിയിൽ തുടക്കമായി; പൂജാ ചടങ്ങുകൾ നടന്നു