തിരുവനന്തപുരം : വനിതാ കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലെന്ന് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ കമ്മീഷൻ നോക്ക് കുത്തിയാകുന്നു എന്ന അക്ഷേപം ശക്തമാകുന്നതിനിടെയാണ്, കമ്മീഷനിലെ അംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത സാക്ഷര കേരളം ചർച്ച ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംഎൽഎ ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ചത്. എന്നാൽ സർക്കാർ നാമനിർദേശം ചെയ്ത് നിയമിക്കുന്ന കേരള വനിതാ കമ്മീഷൻ അധ്യക്ഷക്കും മറ്റ് അംഗങ്ങൾക്കും പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല എന്നായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന്റെ മറുപടി.
വനിതാ കമ്മീഷൻ അംഗമായ ഷാഹിദാ കമാലിൻ്റെ വ്യാജ ഡിഗ്രി ആരോപണവും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്തതെന്നായിരുന്നു ആക്ഷേപം. വിഷയത്തിൽ ഡിജിപിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.
സ്ത്രീപക്ഷ കേരളം എന്ന് മേനി പറയുന്ന ഇടതു സർക്കാരിന് എം സി ജോസഫൈൻ സ്ഥാനമൊഴിഞ്ഞതിനുശേഷം, പകര ക്കാരിയെ കണ്ടെത്താനായില്ല എന്നത് തലവേദനയാകുന്നതിനിടെയാണ് വിഷയത്തിൽ മന്ത്രിയുടെ മറുപടി കൂടി പുറത്ത് വരുന്നത്.