തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ നിയോഗിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷൗക്കത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷൗക്കത്തിന്റെ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ദിവസം മുൻപ് ഷൗക്കത്ത് തന്നെയാണ് ഈ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നത്.ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർ.ടി.ഒയെ ബന്ധപ്പെട്ടതിനാലാണ് തന്റെ വാഹനത്തിന് നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചതെന്ന് ഷൗക്കത്ത് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.തന്റെ മരണത്തിന് മോട്ടോർ വാഹന വകുപ്പാണ് ഉത്തരവാദിയെന്നും കുറിപ്പിൽ ഷൗക്കത്ത് പറഞ്ഞിരുന്നു.
സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്പോർട്ട് കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഷൗക്കത്തിന്റെ ആരോപണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ, ഷൗക്കത്ത് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ അന്വേഷണത്തിൽ പരിശോധിക്കും.
മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ ചുമതലപ്പെടുത്തി സർക്കാർ