കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ചെറുകിട വ്യാപാര മേഖലയിലെ തകർച്ചയെ നേരിടുവാൻ സഹായകമാകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരികളായ ശ്രീ. കെ. ഹസൻകോയ, ശ്രീ. കമലാലയം സുകു, സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്എസ് മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പാപ്പനംകോട് രാജപ്പൻ, സംസ്ഥാന ട്രഷറർ ശ്രീ. എം. നസീർ എന്നിവർ പറഞ്ഞു.
കൊവിഡ് ലോക്ഡൗൺ മൂലം പ്രതിസന്ധിയിലാവുകയും, സാമ്പത്തിക പ്രതിസന്ധിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന വ്യാപാരികളുടെ കുടുംബങ്ങൾക്ക് പോലും സഹായം പ്രഖ്യാപിച്ചില്ലായെന്നതും ഈ മേഖലയിലെ നിരാശ വർദ്ധിപ്പിക്കുന്നു. ചെറുകിട വ്യാപാര മേഖലയെ ഇത്രയും അവഗണിച്ച ബജറ്റ് ഉണ്ടായിട്ടില്ല. സമസ്ത മേഖലകളിലേയും വിഷയങ്ങൾ ഗൗരവമായി പഠിച്ച്, ആയതിന്‍റെ പരിഹാരങ്ങളും പുതിയ ആശയങ്ങളും മുന്നോട്ട് വച്ച ധനമന്ത്രി ചെറുകിട വ്യാപാര മേഖലയെ വിട്ടു പോയത് മനപ്പൂർവ്വം എന്ന് വിശ്വസിക്കുന്നില്ല. ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ കൂടി ഉൾപ്പെടുത്തി ബജറ്റ് സമ്പൂർണ്ണമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.