തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെയും കമ്മീഷന്‍ അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ കമ്മീഷന്‍ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമായിരിക്കും ചെയര്‍മാനെ ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘ തലവനായ എസ്.പി സഖറിയ നോട്ടീസ് നല്‍കിത്തുടങ്ങി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഭരണഘടനാ സ്ഥാപനത്തിലെ കമ്മീഷന്‍ അംഗങ്ങളുടെയും ചെയര്‍മാന്റെയും മൊഴിയെടുക്കുന്നത് അസാധാരണമായ നടപടിയാണ്.
മൂല്യനിര്‍ണ്ണയ ചുമതലയുണ്ടായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കി.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്; ഈ മാസം 15 മുതല്‍ മൊഴിയെടുക്കും