സംസ്ഥാനത്ത് 1500 കോടിയുടെ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; പ്രത്യേക നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11-ന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക-ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് സമ്പൂര്‍ണ്ണ 'ക്രിക്കറ്റ് ടൂറിസം' പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). സ്വകാര്യ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപമാണ് കെ.സി.എ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, വിനോദ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ 11-ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. പദ്ധതിക്കായി താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ മാത്രം സജീവമാകുന്ന പരമ്പരാഗത രീതിക്ക് പകരം, സ്റ്റേഡിയങ്ങളെ വര്‍ഷം മുഴുവന്‍ ആളുകളെ ആകര്‍ഷിക്കുന്ന വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, സ്‌പോര്‍ട്‌സ് ലോഞ്ച്, പ്രമുഖ ബ്രാന്‍ഡുകളുടെ റസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയ സമുച്ചയങ്ങളില്‍ ഒരുക്കും.
കൂടാതെ ബിസിനസ് ടൂറിസത്തിനും കോര്‍പ്പറേറ്റ് സമ്മേളനങ്ങള്‍ക്കുമായി അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, സ്‌പോര്‍ട്‌സ് മെര്‍ച്ചന്‍ഡൈസ് ഹബ്ബ്, ഗ്രൗണ്ടിന്റെ മനോഹരമായ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സെന്ററുകള്‍, ഫാന്‍ പാര്‍ക്കുകള്‍, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും.
ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ വന്‍കിട പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ തൈക്കാട്, മംഗലപുരം എന്നിവിടങ്ങളിലും കൊല്ലം എഴുകോണ്‍, തൊടുപുഴ, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലും കെ.സി.എയ്ക്ക് സ്വന്തമായി ഭൂമിയുണ്ട്. കൊച്ചിയില്‍ നിര്‍ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായുള്ള സ്ഥലം കണ്ടെത്തുകയും, കോഴിക്കോട്, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കം കുറിക്കാനാകുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ കെ.സി.എയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://www.keralacricketassociation.com/) ലഭ്യമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.