ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരസ്യ വിചാരണാ പരിപാടിക്കും ഡൽഹിയിലെ മഹാറാലിക്കും അനുമതി നിഷേധിക്കാനും തടസ്സപ്പെടുത്താനും നീക്കമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രതിഷേധ പരിപാടികൾ തടയാനാണ് നീക്കമെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഒക്ടോബർ 30-ന് ഡൽഹിയിലെ ഹോട്ടൽ അശോകിൽ നടത്താനിരുന്ന പ്രതീകാത്മക ഇംപീച്ച്മെന്റ് പരിപാടിക്കാണ് ഡൽഹി പോലീസ് അനുമതി നിഷേധിച്ചത്.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്നും ചെറിയൊരു ജനക്കൂട്ടത്തെപ്പോലും നേരിടാൻ ഇരുവരും ഭയപ്പെടുന്നുവെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. നവംബർ ഒന്നിന് രാംലീല മൈതാനത്ത് പ്രഖ്യാപിച്ച മഹാറാലിക്കായുള്ള ഒരുക്കങ്ങളും തടസ്സപ്പെടുത്തുകയാണ്. ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ രാംലീല മൈതാനം പരിപാടിക്കായി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ റാലിക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഡൽഹി പോലീസിന്റെ മാത്രം തീരുമാനമല്ല ഇതെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരമാണ് ഈ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാരിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങില്ല. സാധാരണക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശബ്ദം അടിച്ചമർത്താനാണ് ശ്രമം. ഒരുവശത്ത് യഥാർഥ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയും മറുവശത്ത് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിഷേധിക്കുന്നവരെ തടയുകയും ചെയ്യുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കുകയും രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചുള്ള കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും മഹാറാലി നിർണായക രാഷ്ട്രീയ പോരാട്ടമായി മാറുകയാണ്.