Logo
Thu, Jun 18, 2026 • 06:40 PM
LIVE TV
Watch

No business videos available

No Middle East videos available

"സകലതും നേരെയാക്കാൻ കൈയ്യിൽ അത്ഭുതവിളക്കില്ല"; എൽ.ഡി.എഫ് തകർത്ത ആരോഗ്യവകുപ്പിനെ മാറ്റിയെടുക്കുമെന്ന് കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 18, 2026
1 min read
SHARE:
SAVE: Login to save

"സകലതും നേരെയാക്കാൻ കൈയ്യിൽ അത്ഭുതവിളക്കില്ല"; എൽ.ഡി.എഫ് തകർത്ത ആരോഗ്യവകുപ്പിനെ മാറ്റിയെടുക്കുമെന്ന് കെ. മുരളീധരൻ

കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണം കൊണ്ട് പൂർണ്ണമായും തകർന്ന സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ വെച്ചുപിടിപ്പിക്കുകയും നേരെയാക്കുകയുമാണ് യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ദൗത്യമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രസ്താവനകൾ കണ്ടാൽ ഇതെല്ലാം ഇന്നലെ മാത്രം ഉണ്ടായതാണെന്ന് തോന്നും. എല്ലാക്കാലത്തും ഇത്തരം അസുഖങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഒരുമാസം കൊണ്ട് സകലതും നേരെയാക്കാൻ തന്റെ കൈയ്യിൽ അത്ഭുതവിളക്കൊന്നുമില്ലെന്നും, പകർച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ച് പഠിക്കാൻ നിലവിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യവകുപ്പും സർക്കാരും പൂർണ്ണ സജ്ജമാണ്. സർക്കാർ ആശുപത്രികളെ സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയർത്തി, പാവപ്പെട്ടവർക്ക് ഉന്നത നിലവാരത്തിൽ ചികിത്സ ഉറപ്പാക്കുന്ന ഇടങ്ങളായി കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻപ് ഭരിച്ചിരുന്ന എൽ.ഡി.എഫ് സർക്കാർ ഒപ്പുവെക്കുകയും ആദ്യ വിഹിതം കൈപ്പറ്റുകയും ചെയ്ത കേന്ദ്ര പദ്ധതിയായ 'പി.എം ശ്രീ' പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഇനി പെട്ടെന്ന് പിന്മാറാൻ സാധിക്കില്ലെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ചില നിശ്ചിത ഉപാധികളോടെയായിരിക്കും ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കുക. പദ്ധതി കേന്ദ്രത്തിന്റേതാണെങ്കിലും സ്കൂളുകളിലെ കരിക്കുലം (പാഠ്യപദ്ധതി) സംസ്ഥാന സർക്കാർ തന്നെയായിരിക്കും നിശ്ചയിക്കുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന തൃശ്ശൂർ ജില്ലയ്ക്ക് അതിന്റെ പഴയകാല രാഷ്ട്രീയ ഊർജ്ജം വീണ്ടെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആ ഊർജ്ജം തിരിച്ചുപിടിക്കുന്നതിന് വേണ്ടിയുള്ള വലിയ പിന്തുണയുടെ ഭാഗമായാണ് ജില്ലയ്ക്ക് കോൺഗ്രസും യു.ഡി.എഫും ചേർന്ന് മന്ത്രിസ്ഥാനം നൽകിയത്. ആ പദവി ഉൾക്കൊണ്ട് പാർട്ടി തളരാതെ മുന്നോട്ട് പോകണം. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട രണ്ട് സീറ്റുകൾ ഉൾപ്പെടെ തൃശ്ശൂർ ജില്ലയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും സമ്പൂർണ്ണമായ ആധിപത്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടാകണം. അതായിരിക്കണം ഇനിയുള്ള നാളുകളിൽ ഓരോ കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകന്റെയും ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) ഓഫീസിൽ എത്തിയ കെ. മുരളീധരന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കളായ ഒ. അബ്ദുറഹ്മാൻ കുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുൽ സലാം, കെ.വി. ദാസൻ, തൃശ്ശൂർ മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ടി.യു. ഉദയൻ, സി.ഒ. ജേക്കബ്, ഐ.പി. പോൾ, കെ.കെ. ബാബു, പി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10