Logo
Wed, Jul 15, 2026 • 05:28 PM
LIVE TV
Watch

No business videos available

No Middle East videos available

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; 'കോട്ടയം ബെൽറ്റ്' ചിത്രീകരണം ആരംഭിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read
SHARE:
SAVE: Login to save

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; 'കോട്ടയം ബെൽറ്റ്' ചിത്രീകരണം ആരംഭിച്ചു

തൃശൂർ: മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടായ സംവിധായകൻ ജിസ് ജോയിയും നടൻ ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന 'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെയും കൈലാഷ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ടി.ആർ. ഷംസുദ്ദീനും വേണുഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തൃശൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ നിർവഹിച്ചാണ് ചിത്രീകരണത്തിന് തുടക്കമായത്. ആസിഫ് അലിയുടെ മക്കളായ ആദം അലിയും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്. ഇതിന് മുൻപായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയിരുന്നു.

ഉറച്ച മനസ്സും സ്വാധീനവുമുള്ള ഒരു ക്രൈസ്തവ കുടുംബത്തിലെ നാല് സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിതമാണ് 'കോട്ടയം ബെൽറ്റ്' പറയുന്നത്. കുടുംബബന്ധങ്ങളും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലർ ഘടകങ്ങളും സമന്വയിപ്പിച്ചുള്ള ഫാമിലി ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. കിഴക്കൻ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് ശൈലിയിലാണ് സിനിമയുടെ അവതരണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'കോട്ടയം ബെൽറ്റ്'. ഇരുവരും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾക്കുള്ളത്. ആസിഫ് അലിക്കൊപ്പം വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, അശോകൻ, ബോബി കുര്യൻ, ശ്രുതി രാമചന്ദ്രൻ, അലൻസിയർ, ഫർഹാൻ ഫാസിൽ, വിഷ്ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, രഞ്ജിത്ത് ശേഖർ, ചെമ്പിൽ അശോകൻ, ജിനു ജോസഫ്, പ്രേം പ്രകാശ്, സാന്ദ്ര ചന്ദ്രൻ, രമാദേവി, എയ്ക ദേവ്, നിധിൻ പ്രസന്ന, ചന്ദിക ('സർവ്വം മായ' ഫെയിം), ലങ്കാ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന് സുരേഷ് ഗോപാൽ കഥയും തിരക്കഥയും ഒരുക്കുന്നു. ഗോവിന്ദ് വസന്ത സംഗീതവും ബിനേന്ദ്ര മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റർ സൂരജ് ഇ.എസ്, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ് എന്നിവരാണ്. ഇടുക്കി, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. കുടുംബ പശ്ചാത്തലത്തിൽ ത്രില്ലർ അനുഭവം സമ്മാനിക്കുന്ന ചിത്രമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10