ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ പതാകയേന്തിയ കാര്‍ഗോ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരില്‍ 13 പേരെയും ഒമാന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശിയായ ഗന്ധര്‍ നഹിം അജിജ് എന്ന നാവികനാണ് മരിച്ചതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.
തിങ്കളാഴ്ച ഒമാന്‍ തീരത്ത് പര്യവേക്ഷണം നടത്തുന്നതിനിടയിലാണ് 'എംഎസ്വി അല്‍ ജുസൂഫി' എന്ന കപ്പലിന് നേരെ തിരിച്ചറിയാത്ത ഏതോ വ്യോമ വസ്തുവിന്റെ ആക്രമണമുണ്ടായത്. നാവികന്റെ മരണത്തില്‍ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അനുശോചനം രേഖപ്പെടുത്തി.
കൂടാതെ, രക്ഷപ്പെട്ട 13 ജീവനക്കാര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനും ഇവരെയും മരിച്ച നാവികന്റെ ഭൗതികശരീരവും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുമായി ഒമാനിലെ ഇന്ത്യന്‍ എംബസിയും ഷിപ്പിംഗ് മന്ത്രാലയവും അവിടത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാന്‍ തീരത്ത് കാര്‍ഗോ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു