ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂവിനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയ്ക്ക് യുഎസ് ഫെഡറല്‍ കോടതി 19 വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജഡ്ജി വിക്ടര്‍ മാരേറോയാണ് 55-കാരനായ നിഖില്‍ ഗുപ്തയ്ക്ക് 235 മാസത്തെ (19 വര്‍ഷവും ഏഴ് മാസവും) തടവ് ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ച 80 മിനിറ്റോളം നീണ്ടുനിന്ന വാദത്തിനൊടുവിലായിരുന്നു കോടതിയുടെ വിധി.
അമേരിക്കന്‍-കനേഡിയന്‍ പൗരത്വമുള്ള പന്നൂനിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയ കേസാണിത്. 2023-ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് പന്നൂവിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വാടകക്കൊല, വാടകക്കൊലയ്ക്കുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നീ മൂന്ന് കുറ്റങ്ങള്‍ ഗുപ്ത ഈ വര്‍ഷം ആദ്യം സമ്മതിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന വിചാരണയ്ക്കിടെ ഗൂഢാലോചനയില്‍ പങ്കാളിയായതില്‍ ഗുപ്ത കോടതിയില്‍ പശ്ചാത്താപം പ്രകടിപ്പിച്ചു. അതേസമയം, വധഭീഷണി പുറത്തുവന്നതിന് ശേഷം 1,200 ദിവസത്തിലേറെയായി തനിക്ക് സാധാരണ നിലയിലുള്ള അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പന്നൂന്‍ കോടതിയെ അറിയിച്ചു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഗുപ്തയുടെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെയും കോലങ്ങളുമായി പന്നൂനിന്റെ അനുയായികള്‍ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.
2023-ലാണ് പന്നൂനിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമാകുന്നത്. കേസിലെ കൂട്ടുപ്രതിയായ വികാസ് യാദവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുപ്ത പ്രവര്‍ത്തിച്ചതെന്ന് യുഎസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ഒരാളെ സമീപിക്കാന്‍ യാദവ് ഗുപ്തയോട് ആവശ്യപ്പെട്ടു. എന്നാല്‍, വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി നല്‍കുമെന്ന് കരുതി ഗുപ്ത സമീപിച്ചത് അമേരിക്കന്‍ ലഹരിവിരുദ്ധ ഏജന്‍സിയായ ഡിഇഎയുടെ രഹസ്യ ഏജന്റിനെയായിരുന്നു.
കൊലപാതകത്തിനായി ഒരു ലക്ഷം യുഎസ് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഗുപ്ത വഴി ഈ തുക നല്‍കാന്‍ യാദവ് സമ്മതിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് 2023 ജൂണ്‍ ഒന്‍പതോടെ, കൊലപാതകത്തിനുള്ള അഡ്വാന്‍സ് തുകയായി 15,000 യുഎസ് ഡോളര്‍ ഗുപ്തയും യാദവും ചേര്‍ന്ന് ഒരാള്‍ മുഖേന രഹസ്യ ഏജന്റിന് കൈമാറി. ഇടപാടുകളെല്ലാം അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഗൂഢാലോചന സംബന്ധിച്ച കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ ഡിഇഎയ്ക്ക് സാധിച്ചു. ഇതാണ് പിന്നീട് ഗുപ്തയുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിച്ചത്.
ശിക്ഷാവിധിക്കു മുന്നോടിയായി ഗുപ്ത കോടതിക്ക് സമര്‍പ്പിച്ച വ്യക്തിപരമായ കത്തില്‍ തന്റെ പ്രവൃത്തികളില്‍ കടുത്ത ഖേദം പ്രകടിപ്പിച്ചിരുന്നു. '2023-ലേക്ക് തിരികെ പോകാനും എന്റെ തെറ്റുകള്‍ തിരുത്താനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്തായി മാറിയെന്ന് എനിക്ക് പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല,' അദ്ദേഹം കത്തില്‍ കുറിച്ചു. 2023-ന്റെ തുടക്കത്തില്‍ തന്റെ വ്യക്തിജീവിതം തകര്‍ന്നിരുന്നുവെന്നും കുടുംബത്തില്‍ നിന്ന് അകന്ന് എല്ലാ രാത്രിയും അമിതമായി മദ്യപിക്കാന്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവൃത്തികള്‍ കുടുംബത്തിനും ചുറ്റുമുള്ളവര്‍ക്കും ഉണ്ടാക്കിയ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഗൂഢാലോചന കാരണം ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചില്ല എന്നതില്‍ താന്‍ അതീവ കൃതജ്ഞനാണെന്നും, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായി മാറുമായിരുന്നുവെന്നും ഗുപ്ത കോടതിയെ അറിയിച്ചു.
ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: നിഖില്‍ ഗുപ്തയ്ക്ക് 19 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി