ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' പ്രതിഷേധത്തിൽ പ്രതികരണവുമായി കേരളത്തിൽ നിന്നുള്ള എം.പിമാരും മുതിർന്ന നേതാക്കളും. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയായി ഇന്നത്തെ രാംലീല മൈതാനത്തെ പ്രക്ഷോഭം മാറുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ വികാരമാണ് ഇന്നത്തെ റാലിയിൽ പ്രതിഫലിക്കാൻ പോകുന്നതെന്ന് ബെന്നി ബെഹ്നാൻ എം.പി ഡൽഹിയിൽ വ്യക്തമാക്കി. അദ്ദേഹം സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ എന്ന രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇന്നത്തെ രാംലീല റാലിയിൽ എത്തിച്ചേരുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രക്ഷോഭമായി ഈ റാലി മാറുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാരിനുള്ള ശക്തമായ താക്കീതായി ഇന്നത്തെ രാംലീല റാലി മാറുമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാറും വ്യക്തമാക്കി.
'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇന്ത്യാ മുന്നണി എം.പിമാർ