തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയുടെയും, ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലും സമീപജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു.