പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഹരിവരാസനം’ പുതുവർഷത്തിൽ മകരവിളക്ക് ദിനമായ ജനുവരി 15-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇന്ത്യയിലെ വിവിധ ഭാഷകളിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസും മലയാളത്തിലെ ശ്രദ്ധേയ സിനിമകൾ പ്രേക്ഷകരിലേക്കെത്തിച്ച അജിത് വിനായക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിശ്വാസവും ഉദ്വേഗവും അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യബന്ധങ്ങളും സമന്വയിപ്പിക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് 'ഹരിവരാസനം' കഥ പറയുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങൾ സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് തിയേറ്ററിൽ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തിൽ തമിഴ് താരം യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം തുടങ്ങിയ പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്. വിനായക അജിത്ത്, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്ജിൻ രാജ് സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഭക്തിയും ഉദ്വേഗവും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവമായിരിക്കും.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ – ആർ ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.