തിരുവനന്തപുരം : സ്ത്രീധനത്തിന്‍റെ പേരിലുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീകളെ സംരക്ഷിക്കാൻ ഒരു തരത്തിലുമുള്ള സംവിധാനങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പൊലീസ് സ്റ്റേഷനുകളിൽ പോലും സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവരെ ചേർത്തുനിർത്തി സംരക്ഷിക്കാനാണ് മകൾക്കൊപ്പം ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകൾക്കൊപ്പം ക്യാമ്പയിന്‍റെ ഭാഗമായി തിരുവനന്തപുരം നെയ്യാറ്റിൻകര കുമാരനാശാൻ റിസർച്ച് സെന്‍ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, ബിഷപ്പ് ജോർജ് ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.