തിരുവനന്തപുരം: കഴിഞ്ഞ ഇടതു സർക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ നിയമസഭയിൽ. മുൻ സർക്കാരിന്റെ കാലത്തെ വിവാദമായ കെ-റെയിൽ മഞ്ഞക്കുറ്റി സ്ഥാപിക്കലിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമർശനം. കഴിഞ്ഞ സർക്കാർ മഞ്ഞക്കുറ്റി സ്ഥാപിക്കലുമായി ഒരടി മുന്നോട്ട് വെച്ചതുകൊണ്ടാണ് ഒടുവിൽ രണ്ടടി പുറകോട്ട് വെയ്ക്കേണ്ടി വന്നതെന്ന് സുധാകരൻ പരിഹസിച്ചു. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ അന്ന് മഞ്ഞക്കുറ്റിയിട്ടെന്നും, ഇതിന്റെ രാഷ്ട്രീയ തിരിച്ചടി അന്നേ താൻ ഓർമ്മിപ്പിച്ചിരുന്നുവെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ സാംസ്കാരിക മേഖലയ്‌ക്കെതിരെയും കമ്മ്യൂണിസ്റ്റ് ബോധത്തെക്കുറിച്ചും കടുത്ത ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്. നവകേരളം, നവോത്ഥാന കേരളം എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും നിലവിലെ സാംസ്കാരിക നായകർ വെറും 'കാലുനക്കികൾ' മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ രാഷ്ട്രീയക്കാരിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച എത്രപേരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം ഇറക്കണമെന്നും, അതിലൂടെ യഥാർത്ഥ ചിത്രം നാലാൾ അറിയട്ടെയെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയെയും അദ്ദേഹം പ്രശംസിക്കാനും മറന്നില്ല. മുഖ്യമന്ത്രി സുസ്മേരവദനനാണെന്നും പുതിയ സർക്കാരിനെക്കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ ജനവിരുദ്ധ നയമായിരുന്ന മഞ്ഞക്കുറ്റി മാറ്റാൻ പുതിയ സർക്കാർ തയ്യാറായത് നന്നായെന്നും ജനം അത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, സംസ്ഥാനത്ത് നടക്കുന്ന കരിമണൽ കൊള്ളയ്‌ക്കെതിരെ സർക്കാർ അതിശക്തമായ നടപടി സ്വീകരിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.