Logo
CHANGE MODE
Wed, Jun 03, 2026 • 01:29 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വിടപറയാനൊരുങ്ങി ഇതിഹാസങ്ങൾ; മെസി, സിആർ7, നെയ്മർ, നൂയർ... കരിയറിലെ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്ന 13 സൂപ്പർ താരങ്ങൾ ഇതാ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read
Share:

വിടപറയാനൊരുങ്ങി ഇതിഹാസങ്ങൾ; മെസി, സിആർ7, നെയ്മർ, നൂയർ... കരിയറിലെ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്ന 13 സൂപ്പർ താരങ്ങൾ ഇതാ

കാല്‍പന്ത് ലോകം കാത്തിരുന്ന ആ മഹാമാമാങ്കത്തിന് ഇനി ദിവസങ്ങളുടെ മാത്രം ദൂരം. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ഫിഫ ലോകകപ്പിന്റെ കിക്കോഫ് ഈ മാസം 11-ന് അരങ്ങേറും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോക മാമാങ്കം പല കാരണങ്ങളാല്‍ സവിശേഷമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ലോക ഫുട്‌ബോളിനെ പതിറ്റാണ്ടുകളായി ഭരിച്ചുകൊണ്ടിരിക്കുന്ന 13 ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് പോരാട്ടമാകും ഇത്തവണത്തേത് എന്നതുതന്നെയാണ്. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസും മാന്ത്രികതയുമായി കളം നിറയുന്ന ഈ വെറ്ററന്‍ താരങ്ങള്‍ തങ്ങളുടെ കരിയറിലെ അവസാന ലോകവേദി അവിസ്മരണീയമാക്കാനുള്ള കടുത്ത ഒരുക്കത്തിലാണ്.

അവസാന ലോകകപ്പിനൊരുങ്ങുന്ന ഇതിഹാസങ്ങള്‍

2022-ല്‍ ഖത്തറിന്റെ മണ്ണില്‍ അര്‍ജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ച നായകന്‍ ലയണല്‍ മെസിക്ക് ഇപ്പോള്‍ പ്രായം 39 ആണ്. തന്റെ കരിയറിലെ ആറാം ലോകകപ്പിനിറങ്ങുന്ന മെസിയെ മുന്‍നിര്‍ത്തി തന്നെയാണ് കോച്ച് ലയണല്‍ സ്‌കലോനി അര്‍ജന്റീനയുടെ തന്ത്രങ്ങള്‍ മെനയുന്നത്. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെസി മാന്ത്രികത വീണ്ടും മൈതാനങ്ങളില്‍ നിറയുക. മറുവശത്ത് പ്രായം കേവലം നമ്പറാണെന്ന് തെളിയിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗലിന് ഒരു ലോകകിരീടം നേടിക്കൊടുക്കുക എന്ന കഠിനമായ ദൗത്യവുമായാണ് സിആര്‍7 ബൂട്ട് കെട്ടുന്നത്. 41-ാം വയസിലും യുവതാരങ്ങളെ വെല്ലുന്ന ഗോളടി മികവും ഫിറ്റ്നസും റൊണാള്‍ഡോയെ വേറിട്ടു നിര്‍ത്തുന്നു.

 വന്മതിലായി നൂയറും ഹൃദയതാളമായി മോഡ്രിചും

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം ജര്‍മ്മന്‍ കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിച്ച 40-കാരനായ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയറാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം. ബാറിന് കീഴില്‍ നൂയര്‍ പുലര്‍ത്തുന്ന മിന്നും ഫോമാണ് ജര്‍മ്മനിയുടെ ആത്മവിശ്വാസം. 2014-ല്‍ ലോകകപ്പ് നേടിയ ടീമില്‍ അവശേഷിക്കുന്ന ഏക താരം കൂടിയാണ് അദ്ദേഹം. ഇതേ പ്രായത്തില്‍ (40 വയസ്) ക്രൊയേഷ്യന്‍ മധ്യനിരയുടെ ആണിക്കല്ലായി ലൂക്ക മോഡ്രിചും കരിയറിലെ അവസാന ലോകകപ്പിനെത്തുന്നു. 2018-ല്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ച മോഡ്രിച്, ഇത്തവണ ക്രൊയേഷ്യക്ക് കിരീടം സമ്മാനിച്ച് തന്റെ അനുപമമായ കരിയറിന് തിരശ്ശീലയിടാനാണ് ആഗ്രഹിക്കുന്നത്.

ഒച്ചോവയുടെ റിഫ്‌ലെക്‌സുകളും ജെക്കോയുടെ നേതൃപാടവവും

ബോസ്നിയ ഹെര്‍സഗോവിനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ 40-കാരന്‍ എഡിന്‍ ജെക്കോയും തന്റെ അവസാന ലോകകപ്പിന് തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പാണ് ടീമിന്റെ പ്രധാന ഊര്‍ജ്ജം. 2014 ലോകകപ്പില്‍ ബ്രസീലിനെതിരെ നടത്തിയ മിന്നും സേവുകളിലൂടെ ആരാധകരുടെ നെഞ്ചില്‍ ഇടംനേടിയ മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒച്ചോവയ്ക്കും ഇത് അവസാന പോരാട്ടമാണ്. 40-ാം വയസില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ക്യാപ്റ്റനായി ബാറിന് കീഴില്‍ നില്‍ക്കുമ്പോഴും ഒച്ചോവയുടെ റിഫ്‌ലെക്‌സുകള്‍ക്ക് ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ല.

പ്രതിഭ തിളക്കവുമായി സലയും പരിക്കുകളോട് പൊരുതുന്ന നെയ്മറും


ഈജിപ്തിന്റെ നാഡിയും നട്ടെല്ലുമായ 33-കാരന്‍ മുഹമ്മദ് സല ലിവര്‍പൂളിനായി നേടിയ ഐതിഹാസിക കിരീടനേട്ടങ്ങളുടെ കരുത്തുമായാണ് വരുന്നത്. ഈജിപ്ഷ്യന്‍ ഫുട്‌ബോളിന്റെ റോള്‍ മോഡലായ സലയ്ക്ക് ടീമിനെ വലിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, നിരന്തരമായ പരിക്കുകള്‍ വേട്ടയാടുന്ന 34-കാരനായ നെയ്മര്‍ ജൂനിയറും ബ്രസീല്‍ ടീമിലുണ്ട്. പരിക്ക് കാരണം ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ലെങ്കിലും, 24 വര്‍ഷമായി അകന്നുനില്‍ക്കുന്ന ലോകകിരീടം ബ്രസീലിലേക്ക് തിരികെ എത്തിക്കാന്‍ നെയ്മറുടെ മാന്ത്രിക നിമിഷങ്ങള്‍ ടീമിന് അത്യാവശ്യമാണ്.

പ്രതിരോധത്തിന്റെ കരുത്തുമായി ഒടാമെന്‍ഡിയും വാന്‍ഡെയ്ക്കും കാസെമിറോയും

അര്‍ജന്റീന പ്രതിരോധത്തിലെ ശക്തിദുര്‍ഗമായ 38-കാരന്‍ നിക്കോളാസ് ഒടാമെന്‍ഡിയുടെ നാലാമത്തെ ലോകകപ്പാണിത്. മെസി കഴിഞ്ഞാല്‍ സ്‌കലോനിയുടെ തന്ത്രങ്ങളില്‍ ഏറ്റവും പരിചയസമ്പന്നനായ താരം ഒടാമെന്‍ഡി തന്നെയാണ്. നെതര്‍ലന്‍ഡ്സിന്റെ പ്രതിരോധക്കോട്ട കാക്കുന്ന 34-കാരനായ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡെയ്ക്കിനും ഇത് അവസാന ലോകകപ്പാണ്. മൂന്ന് തവണ ഫൈനലില്‍ തോറ്റ നെതര്‍ലന്‍ഡ്സിന് ഇത്തവണ കിരീടം നേടിക്കൊടുക്കുകയാണ് അദ്ദേഹത്തിന്റെ സ്വപ്നം. ബ്രസീലിന്റെ മധ്യനിര നിയന്ത്രിക്കുന്ന 34-കാരനായ കാസെമിറോയും നഷ്ടപ്രതാപം വീണ്ടെടുത്ത് ദേശീയ ടീമിന്റെ പടിയിറങ്ങാന്‍ ലക്ഷ്യമിടുന്നു.

റോഡ്രിഗസിന്റെ അനുഭവസമ്പത്തും സന്‍ ഹ്യൂങ് മിന്നിന്റെ ഏഷ്യന്‍ കരുത്തും


2014 ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ലോകം കീഴടക്കിയ കൊളംബിയന്‍ നായകന്‍ ജെയിംസ് ഹാമിഷ് റോഡ്രിഗസിന് ഇപ്പോള്‍ പ്രായം 34 ആണ്. കൊളംബിയയുടെ പത്താം നമ്പര്‍ കുപ്പായക്കാരന്‍ തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനാണ് ബൂട്ട് കെട്ടുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് യൂറോപ്പിലെത്തി വെന്നിക്കൊടി പാറിച്ച മുന്‍ ടോട്ടനം താരം, 33-കാരനായ സന്‍ ഹ്യൂങ് മിന്‍ ആണ് ഈ പട്ടികയിലെ അവസാന താരം. ദക്ഷിണ കൊറിയയുടെ നായകനായി നാലാം ലോകകപ്പിനെത്തുന്ന സന്നിന്റെ അറ്റാക്കിങ് മികവിലാണ് കൊറിയയുടെ എല്ലാ പ്രതീക്ഷകളും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10