Logo
Sat, Aug 08, 2026 • 12:46 PM
LIVE TV
Watch

No business videos available

No Middle East videos available

റഷ്യൻ എണ്ണ വാങ്ങിയാൽ 100% തീരുവ! ഇന്ത്യയ്ക്ക് വൻ തിരിച്ചടി; ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2026
1 min read
SHARE:
SAVE: Login to save

റഷ്യൻ എണ്ണ വാങ്ങിയാൽ 100% തീരുവ! ഇന്ത്യയ്ക്ക് വൻ തിരിച്ചടി; ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഊർജ ഉൽപന്നങ്ങൾ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബില്ലിന് സെനറ്റ് അംഗീകാരം നൽകി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

‘Lindsey O. Graham Sanctioning Russia and Iran Act of 2026’ എന്ന ബിൽ 11നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്. റഷ്യൻ എണ്ണയും വാതകവും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള അധികാരമാണ് പ്രസിഡന്റിന് നൽകുന്നത്.

സെനറ്റ് അംഗീകരിച്ച ബിൽ ഇനി യുഎസ് പ്രതിനിധിസഭയുടെ പരിഗണനയ്ക്ക് പോകും. ആഗസ്റ്റ് 31ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ ബിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനയ്ക്ക് ശേഷം റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ബിൽ നിയമമായി മാറുകയും ഇന്ത്യക്കെതിരെ ഉയർന്ന താരിഫ് ഏർപ്പെടുത്തുകയും ചെയ്താൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതിയെ അത് കാര്യമായി ബാധിച്ചേക്കും.

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 2025 ഓഗസ്റ്റിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചില ഉൽപന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചില ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിൽ തന്നെ 50 ശതമാനം വരെ തീരുവ ബാധകമാണ്. കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങുന്നത് രാജ്യത്തിന്റെ ഊർജ സുരക്ഷയും ദേശീയ താൽപര്യവും മുൻനിർത്തിയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

റഷ്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അമേരിക്കയുമായി വ്യാപാരം തുടരണമോ, അതോ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമെന്ന് ബില്ലിനെ പിന്തുണച്ച സെനറ്റർമാർ വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിനൊപ്പം ഇറാനെതിരായ ഉപരോധ നടപടികൾക്കും ബിൽ പ്രാധാന്യം നൽകുന്നു.

അതേസമയം, പ്രസിഡന്റിന് ഇത്ര വ്യാപകമായ താരിഫ് അധികാരം നൽകുന്നത് അമേരിക്കൻ ഉപഭോക്താക്കളെയും ആഭ്യന്തര വിപണിയെയും പ്രതികൂലമായി ബാധിക്കാമെന്ന് ഡെമോക്രാറ്റിക് അംഗങ്ങളും ചില റിപ്പബ്ലിക്കൻ നേതാക്കളും മുന്നറിയിപ്പ് നൽകി. ആഗോള വ്യാപാര ബന്ധങ്ങളിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കാനും ഇത്തരം കടുത്ത താരിഫ് നടപടികൾ വഴിവെച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ പ്രതിനിധിസഭയിലെ വോട്ടെടുപ്പാണ് ഇനി നിർണായകം. ബിൽ നിയമമാകുകയാണെങ്കിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യ–അമേരിക്ക വ്യാപാര ബന്ധത്തിൽ പുതിയ വെല്ലുവിളികൾ ഉയർന്നേക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10