ഹിപ്‌ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന 'മീസയേ മുറുക്ക് 2' സെപ്റ്റംബര്‍ 25-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ബ്രൈറ്റ് സ്‌ക്രീന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ വിതരണ പങ്കാളി.
2017-ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ 'മീസയേ മുറുക്ക്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിതെങ്കിലും, ആദ്യ ഭാഗത്തിന്റെ കഥയുമായി ഇതിന് നേരിട്ട് യാതൊരു ബന്ധവുമില്ല. ഒരു മ്യൂസിക്കല്‍ കോമഡി-ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വേറിട്ടൊരു കഥയും കഥാപാത്രങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഹിപ്‌ഹോപ്പ് തമിഴാ ആദിക്കൊപ്പം കേതിക ശര്‍മ്മ, ചൈത്ര ജെ. ആചാര്‍, യോഗി ബാബു, ഹര്‍ഷത് ഖാന്‍, കരുണാസ്, നാസര്‍, ആടുകളം നരേന്‍, രമ്യ രംഗനാഥന്‍, ഷാ രാ തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹിപ്‌ഹോപ്പ് തമിഴാ ആദി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ 'പോടാ പഠിച്ചിരിക്കേന്‍', 'ഗോയിന്ദമ്മ' എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടിയത്. തമിഴ്‌നാട്ടിലും കേരളത്തിലും വലിയ പ്രതീക്ഷയോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
അവ്‌നി മൂവീസിന്റെ ബാനറില്‍ സുന്ദര്‍ സി.യും ഖുശ്ബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എ സി എസ് അരുണ്‍കുമാറും നിര്‍മ്മാണ പങ്കാളിയാണ്. ആനന്ദിത സുന്ദറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ അണിയറയില്‍ ബാലാജി സുബ്രഹ്‌മണ്യം (ഛായാഗ്രഹണം), ഫെന്നി ഒലിവര്‍, തിരുമലൈ രാജന്‍ (എഡിറ്റിങ്), അശ്വിന്‍ രാം (ക്രിയേറ്റീവ് പ്രൊഡ്യൂസര്‍), പൂര്‍ണ്ണിമ രാമസ്വാമി (കോസ്റ്റ്യൂം ഡിസൈന്‍), വി എസ് ദിനേഷ് കുമാര്‍ (ആര്‍ട്ട്), വിഘ്‌നേഷ് രതിരന്‍ (പ്രൊഡക്ഷന്‍ ഡിസൈന്‍), ബാബ ഭാസ്‌കര്‍, സന്തോഷ്, രഘു താപ്പ (നൃത്തം), ആക്ഷന്‍ സന്തോഷ് (ആക്ഷന്‍), കണ്ണന്‍ ഗണപത് (സൗണ്ട് മിക്‌സിംഗ്), ആര്‍ മദന്‍ കുമാര്‍ (സിഇഒ), ശബരി (പിആര്‍ഒ) തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.