തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 3 ജഡ്ജി താനിയ മറിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ കൂടിയായ വിജയ്‍യെ കന്റോൺമെന്റ് പൊലീസ് സ്വന്തം വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. ഇഡി ഉദ്യോഗസ്ഥരെ ഒരുവിഭാഗം സിപഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് വിമൽ ആക്രമിച്ചുവെന്നാണ് കേസ്. എന്നാൽ, സംഭവസമയത്ത് വിജയ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. അക്രമം നടന്ന സമയത്ത് വിജയ് വിമൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പൊലീസുകാരെ മർദ്ദിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
ഈ കേസിൽ നേരത്തെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളായ നിതിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവർക്കും കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കേന്ദ്ര ഏജൻസിയായ ഇഡി ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിക്കുന്നത് നിസ്സാരമായി കാണാൻ കഴിയില്ലെന്ന് മുൻപ് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.