Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘പിണറായി വിജയൻ അവസാനവാക്ക് പറയാൻ ആരാണ്?’; പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.ഐ-സി.പി.എം തർക്കം രൂക്ഷം

‘പിണറായി വിജയൻ അവസാനവാക്ക് പറയാൻ ആരാണ്?’; പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.ഐ-സി.പി.എം തർക്കം രൂക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സി.പി.എം.-സി.പി.ഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. എൽ.ഡി.എഫ്. നേതാക്കൾ സമവായചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതിനിടെ, മുതിർന്ന നേതാക്കൾ പരസ്യമായി നിലപാട് കടുപ്പിച്ചതാണ് മുന്നണിയിൽ ആശങ്കയ്ക്കിടയാക്കുന്നത്.

പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ ചോദിച്ചു. പദവി നൽകില്ലെന്ന് പറയാൻ പിണറായി വിജയന് എന്താണ് അധികാരമെന്നും അദ്ദേഹം വിമർശിച്ചു.ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ സംഭാവന നൽകിയ പാർട്ടിയാണ് സി.പി.ഐയെന്ന് സി. ദിവാകരൻ പറഞ്ഞു. സി.പി.ഐ ഇല്ലെങ്കിൽ 24 മണിക്കൂർ പോലും എൽ.ഡി.എഫ് നിലനിൽക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പാർട്ടി എന്നത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും കൂട്ടായ നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നതെന്നും ദിവാകരൻ ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന കമ്മിറ്റിയുള്ളപ്പോൾ പിണറായി വിജയൻ അതിലെ ഒരു ഘടകമല്ല, നേതാവാണെന്നും ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ദിവാകരൻ പറഞ്ഞു.സി.പി.ഐ ഉന്നയിച്ച പ്രശ്നം പരിഹരിക്കാനാകില്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിൽ സി.പി.എം.-സി.പി.ഐ ദേശീയ നേതൃത്വങ്ങൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഉപനേതൃസ്ഥാനം സി.പി.എമ്മിനുതന്നെയാണെന്ന പിണറായി വിജയന്റെ നിലപാടിന് പിന്നാലെ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ നടത്തിയ പരസ്യപ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയും വിഷയത്തിൽ സി.പി.ഐക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ നേതാവ് സത്യൻ മൊകേരി പിണറായി വിജയന്റെ നിലപാടിനെ വിമർശിച്ച് പാർട്ടി പത്രത്തിൽ ലേഖനം എഴുതിയത്.

‘എല്ലാം താനെന്ന’ ഭാവം ഒരു കമ്യൂണിസ്റ്റുകാരന് യോജിച്ചതല്ലെന്നായിരുന്നു മൊകേരിയുടെ വിമർശനം. ലേഖനം മുന്നണിക്കകത്തും പുറത്തും വലിയ ചർച്ചയ്ക്ക് വഴിവെച്ചു.മൊകേരിയെ പിന്തുണച്ച് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.ഐ പോഷകസംഘടനാ നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെ തർക്കം കൂടുതൽ രൂക്ഷമായി.

കൊച്ചി: സി.പി.എം.-സി.പി.ഐ തർക്കത്തിൽ നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ നടത്തിയ പരാമർശം നേരത്തെ ഉണ്ടായിരുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. ചർച്ചകൾക്കായി സി.പി.ഐയുടെ വാതിൽ എക്കാലവും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സി.പി.എം.-സി.പി.ഐ പോര് യുവജനസംഘടനകളിലേക്കും വ്യാപിച്ചു. മുന്നണിയിൽ സമ്മർദതന്ത്രം പയറ്റുന്ന സി.പി.ഐക്ക് ഏതെങ്കിലും ഒരു മണ്ഡലത്തിൽ 5000 വോട്ടെങ്കിലും ഉണ്ടോയെന്ന പരിഹാസചോദ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ രംഗത്തെത്തി.

ഇതിന് പിന്നാലെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ സാമൂഹികമാധ്യമത്തിലൂടെ മറുപടി നൽകി. ‘മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടയ്ക്കുന്നതെന്തിനാണ്’ എന്നായിരുന്നു ജിസ്‌മോന്റെ പ്രതികരണം.

ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന പഞ്ചതന്ത്രകഥ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എയും പ്രതികരിച്ചു. ഇതിന് മറുപടിയായി ആപത്തിൽ വിലപേശുകയല്ല വേണ്ടതെന്നും മുന്നണിയിൽ ആരും ആരുടെയും അടിമകളല്ലെന്നും ജിസ്‌മോൻ തിരിച്ചടിച്ചു.

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കം നേതൃത്വതലത്തിൽ നിന്ന് യുവജനസംഘടനകളിലേക്കും വ്യാപിച്ചതോടെ എൽ.ഡി.എഫിലെ അസ്വാരസ്യം കൂടുതൽ പരസ്യമായിരിക്കുകയാണ്. അതേസമയം, ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വം ഇപ്പോഴും പ്രകടിപ്പിക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in