കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17-കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അപകടത്തിന് മുന്‍പും താന്‍ കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കോടിച്ച് സ്‌കൂളില്‍ പോയിട്ടുണ്ടെന്നും 17-കാരന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കേസില്‍ കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
17-കാരന്‍ താമസിക്കുന്ന ഫ്‌ലാറ്റിലടക്കം പൊലീസ് നടത്തിയ പരിശോധനയില്‍, ഇയാള്‍ മുന്‍പും ബൈക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വാഹനം ഓടിച്ചതിന്റെ മറ്റ് തെളിവുകളും ലഭിച്ചിരുന്നു. പിതാവിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത്. ശേഖരിച്ച തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് 17-കാരന്‍ കുറ്റം സമ്മതിച്ചത്.
അതേസമയം, വീട്ടുകാര്‍ അറിയാതെയാണ് താന്‍ വാഹനങ്ങള്‍ ഓടിച്ചതെന്നാണ് 17-കാരന്റെ മൊഴി. എന്നാല്‍, മകന്‍ സ്ഥിരമായി ബൈക്കും കാറും ഓടിക്കുന്നത് വീട്ടുകാര്‍ അറിയാതിരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് അന്വേഷണ സംഘം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.
ചേരാനല്ലൂർ വാഹനാപകടം: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ മൊഴി; വീട്ടുകാരുടെ അറിവോടെയെന്ന് പൊലീസ്, SBR റിപ്പോർട്ട് ഉടൻ കോടതിയിൽ