തിരുവനന്തപുരം: ചാലയിലെ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സ്വര്‍ണം കവരുന്നതിനായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാളവിക ജ്വല്ലറി ഉടമ ജയറാം, മുഖ്യപ്രതി അമോല്‍, കൂട്ടുപ്രതി ദിലീപ് എന്നിവര്‍ ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ ആസൂത്രണം നടത്തിയത്. കേസില്‍ അറസ്റ്റിലായ ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ള അമോലിനെയും ദിലീപിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കവര്‍ച്ച നടത്തുന്നതിന് തലേദിവസം പ്രതികള്‍ ചാലയിലെ സംഭവസ്ഥലത്തെത്തി കൃത്യമായ റിഹേഴ്‌സല്‍ നടത്തിയിരുന്നു. ദിലീപും ഈ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ആദ്യ ദിവസം പ്രതികള്‍ നിശ്ചയിച്ച സമയത്ത് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാര്‍ കടയില്‍ നിന്ന് പുറത്തിറങ്ങാത്തതിനാല്‍ ആ നീക്കം പരാജയപ്പെട്ടു. തുടര്‍ന്ന് സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് പ്രതികള്‍ കവര്‍ച്ച നടപ്പാക്കിയത്. കവര്‍ച്ച നടന്ന ദിവസം രാവിലെ അമോല്‍ 85 ഗ്രാം സ്വര്‍ണം നന്ദകുമാറിന് കൈമാറിയിരുന്നു. കവര്‍ന്നെടുത്ത സ്വര്‍ണത്തില്‍ നിന്നും ഈ 85 ഗ്രാം തിരികെ നല്‍കണമെന്നും അമോല്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘത്തിന് മുഖ്യപ്രതിയായ അമോല്‍ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. കവര്‍ച്ചയ്ക്ക് ശേഷമാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത അനൂപ് രാജിന് ഈ തുക നല്‍കിയത്. അമോല്‍ കൂട്ടുപ്രതിയായ ദിലീപിന്റെ പക്കല്‍ പണം ഏല്‍പ്പിക്കുകയും, ദിലീപ് തന്റെ ബാങ്ക് അക്കൗണ്ട് വഴി തമിഴ്‌നാട്ടിലായിരുന്ന അനൂപ് രാജിന് പണം കൈമാറുകയുമായിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളും മറ്റ് കണ്ണികളെയും കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചാലയിലെ സ്വർണ കവർച്ച: 25 ലക്ഷത്തിന്റെ ക്വട്ടേഷൻ, പ്രതികള്‍ നടത്തിയത് വന്‍ റിഹേഴ്സൽ; മാളവിക ജ്വല്ലറി ഉടമ ജയറാം ഇന്ന് കോടതിയിൽ