തിരുവനന്തപുരം: ചാലയിലെ 2.6 കോടി രൂപയുടെ സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളര്‍ച്ചയിലുള്ള കുടിപ്പകയാണ് കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ജയറാമിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
വൈഷ്ണവി ജ്വല്ലറിക്ക് സമീപത്ത് തന്നെയാണ് ജയറാമിന്റെ മാളവിക ജ്വല്ലറിയും പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ ഏജന്റുമാര്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. നന്ദകുമാറിന്റെ ബിസിനസ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം.
കേസില്‍ നേരത്തെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ മഹാരാഷ്ട്ര സ്വദേശിയായ അമോലുമായി ജയറാമിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച രാത്രി പത്തരയോടെ നന്ദകുമാര്‍ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കവര്‍ച്ച നടന്നത്. ശരീരത്തിന് കുറുകെ ഇട്ടിരുന്ന ക്രോസ് ബാഗില്‍ സൂക്ഷിച്ചിരുന്ന 2.6 കോടി രൂപ മൂല്യമുള്ള സ്വര്‍ണം ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു.
ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയില്‍, കേസില്‍ വഴിത്തിരിവ്