അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലർ പാർട്ടി Deux'ലെ ഹൻസിക കൃഷ്ണയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. 'കരോൾ' എന്ന കഥാപാത്രത്തെയാണ് ഹൻസിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പക്കാ സ്റ്റൈലിഷ് ലുക്കിലെത്തുന്ന കഥാപാത്രമാണിതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ചിത്രം നവംബർ 19-ന് തിയറ്ററുകളിൽ എത്തും.
അടുത്തിടെ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് 'ജെൻ-സി' (Gen-Z) വൈബിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ വലിയ തരംഗമായിരുന്നു. 'Deux' എന്നത് ഫ്രഞ്ച് വാക്കാണ്; ഫ്രഞ്ചിൽ 'രണ്ട്' അല്ലെങ്കിൽ 'അവരെക്കുറിച്ച്' എന്നാണ് ഇതിന്റെ അർത്ഥം.
മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും യുവതാരങ്ങളെയും അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണ എത്തുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് സിനിമ നിർമിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ഉണ്ണി ആർ സംഭാഷണവും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ
'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ