തിരുവനന്തപുരം: പട്ടികജാതി–പട്ടികവർഗ–ദളിത് വിഭാഗങ്ങൾക്കിടയിൽ ഭവനരഹിതരും ഭൂരഹിതരും ഉണ്ടാകരുതെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജന്മദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ സി.എസ്.ഡി.എസിന് അനുവദിച്ച കോളേജ് യാഥാർഥ്യമാക്കുമെന്നും ദളിത് ക്രൈസ്തവരുടെ സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളത്തിലെ ഏതെങ്കിലും ദേവസ്വം ബോർഡിൽ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗങ്ങൾക്ക് നൽകണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളിൽ ഓരോ സിൻഡിക്കേറ്റ് അംഗത്തെ ഉൾപ്പെടുത്തിയ സർക്കാർ നിലപാട് വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.