തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച തിരുജയന്തി മഹാസമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ. മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ച മഹത്തായ ദാർശനികനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണാടി പ്രതിഷ്ഠയിലൂടെ മനുഷ്യൻ ആദ്യം സ്വയം തിരിച്ചറിയുകയും ആത്മപരിശോധന നടത്തുകയും വേണമെന്ന സന്ദേശമാണ് ഗുരുദേവൻ മുന്നോട്ടുവച്ചതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരവും മരുന്നുമായി ഗുരുദർശനങ്ങൾ മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരു യഥാർത്ഥത്തിൽ ഒരു വിശ്വഗുരുവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും ഗുരുദേവന്റെ ആശയങ്ങളും ദർശനങ്ങളും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുദേവന്റെ ആശയങ്ങൾ ഭാരതത്തിന്റെ അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ലോകമെമ്പാടും എത്തിക്കേണ്ടതാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ദില്ലിയിലെ ഗുരുദേവ കേന്ദ്രം കേവലം ഒരു പൂർണ്ണകായ പ്രതിമയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. ഗുരുദേവന്റെ ദർശനങ്ങളും ആശയങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്ന ശക്തമായ കേന്ദ്രമായി അത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മനുഷ്യസമൂഹത്തെ ഒന്നിപ്പിക്കുന്ന ഗുരുദർശനങ്ങളുടെ പ്രസക്തി കാലം കഴിയുന്തോറും വർധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി ആഘോഷങ്ങൾക്ക് വർക്കല ശിവഗിരിയിൽ തുടക്കമായി. ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച തിരുജയന്തി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
വൈകിട്ട് 6.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ഗുരുദേവന്റെ ദർശനങ്ങൾ പുതിയ തലമുറയിലേക്കും ലോകസമൂഹത്തിലേക്കും കൂടുതൽ ശക്തമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ഉയർത്തിക്കാട്ടി.
ശ്രീനാരായണ ഗുരുവിന്റെ സമത്വം, സഹോദര്യം, വിദ്യാഭ്യാസം, ആത്മബോധം എന്നീ ആശയങ്ങൾ ഇന്നത്തെ സാമൂഹിക സാഹചര്യത്തിലും ഏറെ പ്രസക്തമാണെന്ന സന്ദേശത്തോടെയാണ് വിവിധ കേന്ദ്രങ്ങളിലെ ജയന്തി ആഘോഷങ്ങൾ നടക്കുന്നത്.
‘ഗുരുദർശനങ്ങൾ ലോകത്തെ ഭിന്നിപ്പുകൾക്കുള്ള പരിഹാരം’; ശ്രീനാരായണ ഗുരു വിശ്വഗുരുവെന്ന് വി ഡി സതീശൻ