കെപിസിസി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ അന്തരിച്ചു

Jaihind News Bureau
Wednesday, August 14, 2019

കെ പി സി സി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ കണ്ണുരിൽ അന്തരിച്ചു.78. വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. 2009 മുതൽ 2014 വരെ കണ്ണൂർ ഡി സി സി പ്രസിഡന്‍റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം.കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയരക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.

പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും എം എൽ എ യുമായിരുന്ന പരേതനായ പി.ഗോപാലൻ സഹോദരനാണ്. ഭാര്യ ഷൈമ ലത, മക്കൾ ദിവ്യശ്രീകുമാർ, ദീപ ഷാജി, ദീപക് കൃഷ്ണ എന്നിവരാണ് മക്കൾ.

നാളെ രാവിലെ 10 മണി മുതൽ 11 വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനം. തുടർന്ന് പയ്യാമ്പലത്ത് സംസ്കരിക്കും.

രാഷ്ട്രീയത്തിൽ മൂല്യങ്ങൾ ഉയർത്തി പിടിച്ച നേതാവായിരുന്നു പി.രാമകൃഷ്ണനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയത്തിനും പൊതു സമൂഹത്തിനും തീരാ നഷ്ടമാണ് പി രാമകൃഷ്ണന്‍റെ വിയോഗമെന്നും അദ്ദേഹം അനുസ്മരിച്ചു.

പി. രാമകൃഷ്ണന്‍റെ ദേഹവിയോഗം കോൺഗ്രസ്സിന് കനത്ത നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആദർശ രാഷ്ട്രീയത്തിന്‍റെയും പോരാട്ട വീര്യത്തിന്‍റെയും ഉടമയാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഗാന്ധിയൻ പ്രവർത്തനശൈലി പിന്തുടർന്ന മലബാറിലെ ശക്തനായ നേതാവിനെയാണ് പി.രാമകൃഷ്ണന്‍റെ നിര്യാണത്തിലൂടെ പാർട്ടിക്ക് നഷ്ടമായതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സൻ പറഞ്ഞു. അക്രമത്തിനും അഴിമതിക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തിയ പി.രാമകൃഷ്ണൻ ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച് നിന്ന് പാർട്ടിക്ക് നേതൃത്വം നൽകിയ നേതാവാണ്. അദ്ദേഹത്തിന്‍റെ ദേഹവിയോഗം കോൺഗ്രസിന് കനത്ത നഷ്ടമാണെന്നും എം എം ഹസ്സൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.