ട്രംപിനെതിരെ ഇംപീച്ച്‌മെൻറ് നീക്കം സജീവമാക്കി യുഎസ് പ്രതിനിധിസഭ

Jaihind News Bureau
Thursday, September 26, 2019

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെൻറ് നീക്കം സജീവമാക്കി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യുഎസ് പ്രതിനിധിസഭ.  545 അംഗങ്ങളുള്ള പ്രതിനിധിസഭയിൽ 200-ൽ അധികം പേർ ഇംപീച്ച്‌മെൻറ് ആവശ്യം ഉയർത്തിക്കഴിഞ്ഞു.

യുക്രൈനിയൻ പ്രസിഡന്‍റ് വൊളദിമിർ സെലിൻസ്‌കിയോട് പ്രസിഡൻറ് എന്ന പദവി ദുരുപയോഗം ചെയ്ത്, തൻറെ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഇംപീച്ച്‌മെൻറിലെ ആരോപണം. ഇതിന് ബദലായി യുക്രൈന് 400 ദശലക്ഷം യുഎസ് ഡോളർ ട്രംപ് വാഗ്ദാനം ചെയ്‌തെന്നും ഇംപീച്ച്‌മെന്‍റ് ആരോപണത്തിലുണ്ട്. വൈറ്റ് ഹൗസിൽ നിന്ന് പുറത്തുവിട്ട രേഖകൾ പ്രകാരം, ട്രംപ് സെലിൻസ്‌കിയോട് യുഎസ് അറ്റോർണി ജനറൽ വില്യം ബാറുമായും തന്‍റെ സ്വന്തം അഭിഭാഷകൻ റൂഡി ഗിലിയാനിയുമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്‍റെ മകന് യുക്രൈനുമായി വ്യാപാരബന്ധങ്ങളുള്ള ഒരു പ്രകൃതി വാതക കമ്പനിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്.

2016-ലെ തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിൻറണിനെ തറ പറ്റിക്കാൻ ട്രംപ് റഷ്യൻ ഇൻറലിജൻസിന്‍റെ സഹായം തേടിയെന്നും ഡെമോക്രാറ്റ് പാർട്ടിയുടെ സെർവറുകൾ ഹാക്ക് ചെയ്യിച്ചെന്നും അമേരിക്കൻ അന്വേഷണ ഏജൻസികൾ തന്നെ കണ്ടെത്തിയിരുന്നതാണ്. അത് കണ്ടുപിടിച്ച് തരണമെന്നും സെലിൻസ്‌കിയോട് രാഷ്ട്രീയ എതിരാളികൾക്കെതിരായി ആരോപണം ചമയ്ക്കാൻ സ്വന്തം പദവി ദുരുപയോഗം ചെയ്ത് വിദേശരാജ്യങ്ങളുടെ സഹായം തേടിയെന്നത് ഭരണഘടനാവിരുദ്ധമാണെന്ന് യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ആരോപിച്ചു. ഈ അടിസ്ഥാനത്തിൽത്തന്നെയാണ് യുഎസ് പ്രതിനിധിസഭ ഇംപീച്ച്‌മെൻറുമായി മുന്നോട്ടുപോകുന്നത്.