ഏഴ് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കും; നടപടി സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗത്തിൽ

Jaihind News Bureau
Friday, March 6, 2020

ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.

ഡല്‍ഹി കലാപം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ച എംപിമാരെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധത്തിനായിരുന്നു ഇരുസഭകളും സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ എംപിമാരുടെ യോഗം ചേര്‍ന്നാണ് പ്രതിഷേധം നടപടികള്‍ തീരുമാനിച്ചത്. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ തുടർന്ന് സത്യഗ്രഹമിരുന്നു.

പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും തടസപ്പെട്ടു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്‍പീക്കറെ കണ്ടു. തുടർന്ന് ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാൻ തീരുമാനമായി. എന്നാൽ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. കൂടാതെ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനിച്ചു. അതേ സമയം, ദേശീയപാത വികസനം ചർച്ചചെയ്യാൻ ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി വിളിച്ച യോഗം കേരള എംപിമാർ ബഹിഷ്ക്കരിച്ചു.