താരപ്രചാരക പട്ടികയില്‍ വി.എസില്ല; വെട്ടിനിരത്തി സി.പി.എം

Jaihind Webdesk
Monday, April 8, 2019

 

 

VS Achuthanandan

മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദനെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും പുറത്താക്കി സി.പി.എം. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പട്ടികയില്‍ നിന്നാണ് വി.എസിനെ സി.പി.എം ഒഴിവാക്കിയത്.

പതിറ്റാണ്ടുകളായി പ്രചാരണരംഗത്തുണ്ടായിരുന്ന വി.എസ് അച്യുതാനന്ദനെയാണ് ഇത്തവണ സി.പി.എം കളത്തിന് പുറത്തിരുത്തിയത്. വി.എസിനു പകരം മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ധനമന്ത്രി തോമസ് ഐസക്ക്, പി.ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം.എ ബേബി കേന്ദ്രകമ്മിറ്റിയംഗങ്ങളായ എളമരം കരീം, വിജുകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മലപ്പുറം സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തി വാണിട്ടും തെരെഞ്ഞെടുപ്പ് ഘട്ടത്തില്‍ വി.എസായിരുന്നു സി.പി.എമ്മിന്‍റെ മുഖ്യ താരപ്രചാരകന്‍. ഇ.എം.എസിനും, ഇ.കെ നായനാര്‍ക്കും, എം.വി രാഘവനും ശേഷം സി.പി.എമ്മിന്‍റെ എക്കാലത്തെയും ക്രൗഡ് പുള്ളറായിരുന്നു വി.എസ്. പ്രതിപക്ഷനേതൃസ്ഥാനം വഹിച്ചിരുന്നപ്പോഴും അതിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും പാര്‍ട്ടിയുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും പ്രചാരണ രംഗത്ത് സജീവത നിലനിര്‍ത്താന്‍ സി.പി.എം വി.എസിനെ തന്നെയാണ് രംഗത്തിറക്കിയിരുന്നത്. എന്നാല്‍ ശബരിമല വിഷയം, പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിലെ വീഴ്ച, കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന നിര്‍ണായക തെരെഞ്ഞെടുപ്പില്‍ വി.എസിനെ ഒഴിവാക്കിയാണ് സി.പി.എം കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷന് താരപ്രചാരകരുടെ പട്ടിക നല്‍കിയിട്ടുള്ളത്.

കാസര്‍ഗോട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലും എ വിജയരാഘവന്‍റെ അധിക്ഷേപത്തിലും പാര്‍ട്ടി നിലപാടിനോട് വിയോജിച്ച വി.എസ്, ബാലകൃഷ്ണപിള്ളയുടെ മുന്നണി പ്രവേശത്തിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊന്നാനി, വടകര മണ്ഡലങ്ങളില്‍ വി.എസ് പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതൊക്കെ കണക്കിലെടുത്താവാം വി.എസിനെ സി.പി.എം പാടെ വെട്ടിനിരത്തിയതെന്നും വിലയിരുത്തലുണ്ട്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച വിജയരാഘവനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും വി.എസിനെ തഴഞ്ഞത് സി.പി.എമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. തെരെഞ്ഞെടുപ്പു രംഗത്ത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി നേരിടുമ്പോഴും വി.എസിനെ ഒഴിവാക്കാന്‍ സി.പി.എം നേതൃതലത്തില്‍ എടുത്ത തീരുമാനത്തില്‍ താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്.