നിപ ഭീതി ഒഴിഞ്ഞിട്ടും ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍

Jaihind Webdesk
Sunday, July 1, 2018

കോഴിക്കോട് മലപ്പുറം ജില്ലകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് പൂർണമായും ഇല്ലാതായി. ഇരു ജില്ലകളിലെയും ജാഗ്രതക്കാലം അവസാനിപ്പിച്ച് നിപ രഹിത ജില്ലകളായി ആരോഗ്യമന്ത്രി പ്രഖ്യാപനവും നടത്തി. എന്നാൽ ഇതുവരെയും നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഉറവിടം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്.

മെയ് 5-ാം തീയതിയാണ് ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്ത് എന്ന യുവാവ് അജ്ഞാതരോഗം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെടുന്നത്. തുടർന്ന് എട്ട് ദിവസത്തിനു ശേഷം സമാന രോഗലക്ഷണങ്ങളുമായി സഹോദരൻ സാലിഹ് കൂടി മരണപ്പെട്ടതോടെ രോഗം കണ്ടെത്താനുള്ള ശ്രമവുമായി ആരോഗ്യപ്രവർത്തകർ മുന്നിട്ടിറങ്ങി.

https://www.youtube.com/watch?v=3MuaBOrPL4E

നിപ വൈറസ് എന്ന മാരകം രോഗമാണെന്ന് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഈ കുടുംബത്തിലെ ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെയാണ് അസുഖത്തെ ഗൗരവമായി കാണാനും സജീവമായി ഇടപെടാനും ആരോഗ്യവകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവർ കോഴിക്കോട് ക്യാംപ് ചെയ്യുന്നത്. നീണ്ട രണ്ടു മാസത്തെ ശ്രമങ്ങൾക്കൊടുവിൽ നിപ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു.

മെയ്30 ന് ശേഷം നിപ പോസിറ്റീസ് റിസർട്ടുകൾ ഒന്നും തന്നെ വന്നില്ല എന്നത് ആരോഗ്യവകുപ്പിന് ആശ്വാസമായി. ജൂൺ 30 വരെ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശവും അവസാനിച്ചു. ശേഷം കോഴിക്കോട് മലപ്പുറം ജില്ലകളെ നിപരഹിത ജില്ലകളായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ശാസ്ത്രഞ്ജരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നത്. വൈറസിന്റെ ഉറവിടം കണ്ടത്താൻ നേരത്തെ പ്രാണിതീനി വവ്വാലുകളിലും പഴംതീനി വവ്വാലുകളിലും പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് ഉറവിടം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.