നിപ : യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം : 7 പേര്‍ നിരീക്ഷണത്തില്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

Jaihind Webdesk
Thursday, June 6, 2019

കൊച്ചി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കൊച്ചിയിലാണ് യോഗം ചേരുന്നത്. നിപയെ തുടര്‍ന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യം യോഗത്തില്‍ വിലയിരുത്തും.

നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിന്‍റെ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നിപയുടെ ലക്ഷണങ്ങളുമായി ഒരാളെ കൂടി കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് രോഗിയുടെ സ്രവ സാംപിളുകൾ പുനെയിലേക്ക് അയ്ക്കും.  7 പേരാണ് ഐസൊലേഷന്‍ വാർഡിൽ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ ആറ് പേരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഇന്നോ നാളെയോ പരിശോധനഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമാണ് വരാനുള്ളത്.

നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീടും പരിസരവും ആരോഗ്യവകുപ്പ് പരിശോധന നടത്തി. എന്നാല്‍ ഇവിടങ്ങളിലൊന്നും വവ്വാലിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള പ്രത്യേക സംഘം അടുത്ത ദിവസങ്ങളില്‍ എത്തിച്ചേരും. മൃഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പരിസരങ്ങളില്‍ ആര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.