കരിപ്പൂരിൽ സുരക്ഷാവീഴ്ച; പിപിഇ കിറ്റുകൾ വലിച്ചെറിഞ്ഞ നിലയില്‍

Jaihind News Bureau
Sunday, June 14, 2020

കരിപ്പൂർ വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച. ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ വിമാനത്താവള ക്യാന്‍റീന് സമീപം അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. വിവാദമായതിനെ തുടർന്ന് ഇവ പിന്നീട് നീക്കം ചെയ്തു. ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർപോർട്ട് മാനേജരടക്കം നിരവധി പേർ വിമാനത്താവളത്തിൽ നിരീക്ഷണത്തിൽ പോയിരിക്കെയാണ് ഗുരുതരമായ ആരോഗ്യ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

നിരവധി കിറ്റുകൾ ഇത്തരത്തിൽ വലിച്ചെറിഞ്ഞിരിക്കുന്നുണ്ട്. ഉപയോഗിച്ച കിറ്റുകൾ സംഭരിക്കുന്ന ബാസ്കറ്റുകൾ നിറഞ്ഞതിനെ തുടർന്നാണ് പുറത്ത് ഉപേക്ഷിച്ചതെന്നാണ് സൂചന. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പി.പി.ഇ.കിറ്റുകൾ ധരിക്കുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ഉള്ളപ്പോഴാണ് രോഗവ്യാപനത്തിനു കാരണമായേക്കാവുന്ന രീതിയിൽ കിറ്റുകൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് കിറ്റുകൾ അധികൃതർ നീക്കി. കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കിറ്റുകള്‍ അധികൃതര്‍ ഇടപെട്ട് നീക്കി. വിമാനത്താവളത്തില്‍ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാന്‍ കാരണമെന്ന് ആരോപണമുണ്ട്.

കൊവിഡ് ബാധിതരായ നിരവധി പേരാണ് വിമാനത്താവളം വഴി സംസ്ഥാനത്തേക്ക് എത്തി കൊണ്ടിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം എയർപോർട്ടിലെ ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനെ തുടർന്ന് എയർപോർട്ട് ഡയറക്ടർ അടക്കം 51 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് കർശന സുരക്ഷ സംവിധാനമുള്ള വിമാനത്താവളത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു വീഴ്ച ഉണ്ടായതെന്നാണ് ശ്രദ്ധേയം. സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.