വയനാട്: സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ പ്രസംഗം വൻ വിവാദത്തിലായിരിക്കുകയാണ്. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയെന്നായിരുന്നു പരാമർശം. ഇതോടെ എന്തും പറയാനുള്ള ലൈസന്‍സ് സ്വന്തമാക്കിയതു പോലെയാണ് സിപിഎം പ്രവർത്തകരുടെ ധാരണ.
ഇതിനു മുമ്പുള്ള പല വിഷയങ്ങളിലും സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും അതാവര്‍ത്തിക്കുന്നതല്ലാതെ നിര്‍ത്താന്‍ സ്വയം തോന്നുന്നുമില്ല; നിര്‍ത്തിക്കുവാന്‍ പാര്‍ട്ടി ശ്രമിക്കുന്നുമില്ല. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കേസ് നേരിടുകയാണ് എം.മുകേഷ് എംഎല്‍എ. ഇതുവരെ ആയിട്ടും വേണ്ട നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി ഈ കേസില്‍ എടുത്തിട്ടില്ല. മാത്രമല്ല, സിപിഎമ്മിലെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ വിഷയത്തില്‍ മുകേഷിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിനാല്‍, ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് ഇതില്‍ നിന്ന് തന്നെ വളരെ വ്യക്തമാണ്. എന്തും പറയാനും ചെയ്യാനുമുള്ള സാഹചര്യം പാര്‍ട്ടി തന്നെ ഒരുക്കി കൊടുക്കുന്നു എന്നുള്ളതാണ് വസ്തുത. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പനമരത്തെ സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റേത്.
‘പ്രസിഡന്‍റ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരു’മെന്നും എ.എൻ പ്രഭാകരൻ പറഞ്ഞു. പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശങ്ങൾ.