2019 ലെ ക്രൂരമായ തമാശയായി സി.പി.എം സെക്രട്ടറിയേറ്റിന്‍റെ 18 സീറ്റ് വിലയിരുത്തല്‍

Jaihind Webdesk
Friday, April 26, 2019

വോട്ടെടുപ്പ് നടന്ന കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 18 സീറ്റ് ലഭിക്കുമെന്ന സി.പി.എം സംസ്ഥാന ഘടകത്തിന്‍റെ പരമോന്നത സമിതിയായ സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍ അതിരുകടന്നുപോയി എന്ന് അരിയാഹാരം കഴിക്കുന്ന ഏതെങ്കിലും സാധാരണ സി.പി.എം സഖാക്കള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഇതിന് പുറമെ ചില മുന്‍കൂര്‍ ജാമ്യം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെയും, സെക്രട്ടറിയേറ്റിന് മുമ്പുതന്നെ പല സംസ്ഥാന സി.പി.എം നേതാക്കളുടെയും വകയായി എത്തിയിട്ടുമുണ്ട്.

പല മണ്ഡലങ്ങളിലും ആര്‍.എസ്.എസ്-ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചു എന്നതാണ് ഈ മുന്‍കൂര്‍ ജാമ്യം. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരിക്കലും നടക്കാന്‍ കഴിയാത്തതാണ് ഈ നിഗമനം. കാരണം കോണ്‍ഗ്രസിന് ഒരു എം.പിയെപോലും കൂടുതല്‍ സൃഷ്ടിക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം. അങ്ങനെ വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി മറിച്ച് യു.ഡി.എഫ്  സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് രാഷ്ട്രീയബോധമുള്ള ആരും കരുതുമെന്ന് തോന്നുന്നില്ല.

ഒരേസമയം 18 സീറ്റുകള്‍ ലഭിക്കുമെന്ന് അവകാശപ്പെടുന്ന സി.പി.എം നേതൃത്വം പിന്നെ എന്തിനാണ് ഇത്തരത്തിലൊരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിന്‍റെ പ്രസക്തി എന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. സി.പി.എം ബൂത്ത് തലത്തില്‍ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് 18 സീറ്റുകള്‍ ലഭിക്കും എന്ന് അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ സി.പി.എമ്മിന്‍റെ നിരീക്ഷണ യന്ത്രത്തിന് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നത് മെയ് 23 ന് നടക്കുന്ന ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ നിരീക്ഷണത്തോടെ ഈ പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.