നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഒന്നാമന്‍; രോഹിത്തിനെയും സഞ്ജുവിനെയും മറികടന്ന് അഭിഷേക് ശര്‍മ

Jaihind News Bureau
Tuesday, April 14, 2026

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെ തേടിയെത്തിയത് അത്ര സുഖകരമല്ലാത്ത ഒരു റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ അഭിഷേകിന്റെ പേരിലായിരിക്കുന്നത്. ഈ വര്‍ഷം 18 ഇന്നിങ്‌സുകളില്‍ നിന്ന് ഇത് ഏഴാം തവണയാണ് താരം റണ്ണൊന്നുമെടുക്കാതെ കൂടാരം കയറുന്നത്.

ഇതോടെ രോഹിത് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും റെക്കോര്‍ഡുകളാണ് അഭിഷേക് മറികടന്നത്. 2018-ല്‍ 32 ഇന്നിങ്‌സുകളില്‍ നിന്ന് 6 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. 2024-ല്‍ സഞ്ജു സാംസണും 32 ഇന്നിങ്‌സുകളില്‍ നിന്ന് 6 തവണ ഡക്കായി ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇവരേക്കാള്‍ വളരെ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നുതന്നെ അഭിഷേക് ഏഴ് ഡക്കുകള്‍ പൂര്‍ത്തിയാക്കി നാണക്കേടിന്റെ പട്ടികയില്‍ ഒന്നാമതെത്തി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ രവി ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരം തൊട്ടടുത്ത കളിയില്‍ തന്നെ ‘ഗോള്‍ഡന്‍ ഡക്കായി’ മടങ്ങിയത് ആരാധകരെയും ടീം മാനേജ്മെന്റിനെയും ഒരുപോലെ നിരാശരാക്കി. ആര്‍ച്ചറുടെ കൃത്യതയാര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെയായിരുന്നു താരത്തിന്റെ മടക്കം.