സി.പി.എം സംസ്ഥാന സമിതി യോഗം എ.കെ.ജി സെന്‍ററില്‍; ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തും

Jaihind Webdesk
Friday, May 31, 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും ഫലങ്ങളും സി.പി.എമ്മിനേറ്റ കനത്ത പരാജയവും വിലയിരുത്താൻ രണ്ട് ദിവസങ്ങളിലായി ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം എ.കെ.ജി സെന്‍ററിൽ ആരംഭിച്ചു. ശബരിമല വിഷയമടക്കമുള്ള കാര്യങ്ങൾ തെരെഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന കാര്യം യോഗത്തിൽ ചർച്ചയാവും. ഇതിനു പുറമേ പാലക്കാട് മണ്ഡലത്തിലെ സി .പി എം വോട്ടുകളുടെ ചോർച്ചയും ചർച്ച ചെയ്യും. ചെർപ്പുളശേരിയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡന വിഷയമടക്കം തെരെഞ്ഞെടുപ്പിൽ സ്വാധീന ഘടകമായോ എന്നതും യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കും. പാലക്കാട്ടെ തോൽവി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചേക്കാനും സാധ്യതയുണ്ട്.

ജില്ലാ സെക്രട്ടേറിയറ്റുകളിൽ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂപപ്പെടുത്തിയ റിപ്പോർട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റിയിൽ അവതരിപ്പിക്കും. ശബരിമല വിഷയം സംസ്ഥാനത്ത് തെരെഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന കമ്മറ്റി യോഗം ചേരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നല്ലൊരു വിഭാഗം ജനങ്ങളെ യു.ഡി.എഫ് അടക്കമുള്ള മുന്നണികൾ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണമുയർത്തി വിഷയത്തിൽ നിന്നും തടി തപ്പാനുള്ള രാഷ്ട്രീയ വിശകലനമാണ് സി.പി.എമ്മിലെ ഉന്നത നേതാക്കൾ ഉന്നയിക്കുന്നത്.

ശബരിമല വിഷയത്തിന് പുറമെ തെരെഞ്ഞടുപ്പിൽ വിവിധ ഘടകങ്ങൾ സി.പി.എമ്മിനെതിരായി നിലകൊണ്ടുവെന്ന വാദവും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ പ്രതിഫലിച്ചിരുന്നു. ഇക്കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനൊപ്പം സി.പി.എമ്മിന് അപ്രമാദിത്വമുള്ള പാലക്കാട്, കണ്ണൂർ, കാസർഗോഡ് അടങ്ങിയ ഉത്തര മലബാറിലെ തോൽവിയും വിലയിരുത്തും. അലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമർശം, ചെർപ്പുളശ്ശേരി പീഡനം സംബന്ധിച്ച് പി.കെ ശശി എം.എൽ.എക്കെതിര ഉയർന്ന ആരോപണത്തിന്‍റെ പേരിൽ പാലക്കാട്ടെ സി.പി.എം സ്ഥാനാർത്ഥി എം.ബി രാജേഷ് പരാജയപ്പെടാൻ കാരണമായെന്ന പരാതി, കാസർകോട് കല്യോട്ടെ രാഷ്ട്രീയ കൊലപാതകത്തിന്‍റെ പേരിലുള്ള വോട്ട് നഷ്ടം എന്നിവ ചൂടേറിയ ചർച്ചകൾക്കാവും വഴിവെക്കുക. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ചുയർന്ന പരാമര്‍ശങ്ങളും ചർച്ചയാകാന്‍ സാധ്യതയുണ്ട്.

തെരെഞ്ഞടുപ്പിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയത് സംബന്ധിച്ച ചർച്ചകളും യോഗത്തിൽ ഉയരും. സി.പി.എമ്മിന് ഏറെ വേരോട്ടമുള്ള അറ്റിങ്ങൽ മണ്ഡലത്തിലെ തോൽവിയും ആലപ്പുഴയിലെ വിജയവും യോഗം ആഴത്തിൽ പരിശോധിക്കും. രണ്ട് ദിവസങ്ങളിലായി ചേരുന്ന യോഗം നാളെ അവസാനിക്കുമ്പോൾ സർക്കാരിന്‍റെ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളും പോരായ്മയും വിലയിരുത്തപ്പെടുമെന്നുമുള്ള സൂചനകളാണുള്ളത്.