‘പരസ്യവാചകം പോലെ ഇവിടെ തന്നെ കാണും, എത്ര കിറ്റും പണവും ഒഴുക്കിയാലും ഡല്‍ഹി കാണില്ല’: ടി. സിദ്ദിഖ്

Jaihind Webdesk
Thursday, April 25, 2024

 

കല്‍പ്പറ്റ: വയനാട്ടില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനായി എത്തിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന ആവശ്യവുമായി യുഡിഎഫും എല്‍ഡിഎഫും.  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായാണ് ആരോപണം. വിതരണത്തിന് തയാറാക്കിയ 1500 ഓളം കിറ്റുകളാണ് സുൽത്താൻ ബത്തേരിയില്‍ നിന്ന് പിടികൂടിയത്.

കിറ്റ് തയാറാക്കിയത് ബിജെപിയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ജനാതിപത്യ ബോധത്തെ കിറ്റ് കൊടുത്ത് സ്വാധീനിക്കുകയാണ് വയനാട്ടിൽ ബിജെപി ചെയ്യുന്നത്. ദയനീയമായി പരജയപ്പെടാൻ പോകുമ്പോഴും ബിജെപി ആദിവാസികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എത്ര കിറ്റും പണവും ഒഴുക്കിയാലും പരസ്യവാചകം പോലെ ഇവിടെ തന്നെ കാണുമെന്നും ഡല്‍ഹി കാണില്ലെന്നും ടി. സിദ്ദിഖ് എംഎല്‍എ പരിഹസിച്ചു.

“ബിജെപി സ്ഥാനാർത്ഥി വയനാട്ടിലെ കോളനികളിൽ വോട്ടിന് വേണ്ടി വ്യാപകമായി കിറ്റുകൾ രഹസ്യമായി വിതരണം ചെയ്യുകയാണ്. 1500 ലധികം കിറ്റുകൾ ഇന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് പിടിച്ചു. മൊബൈൽ ഫോണുകളടക്കമുള്ള വില കൂടിയ പല ഉൽപ്പനങ്ങളും വിതരണം ചെയ്യുന്നതായാണ് അറിയാൻ കഴിയുന്നത്. കേന്ദ്ര-കേരള സർക്കാരുകളുടെ അധികാരത്തിന്‍റെ തണലിൽ ബിജെപിക്ക് എന്തും ചെയ്യാം എന്ന അവസ്ഥയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പാവയായി പ്രവർത്തിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. മണ്ഡലത്തിൽ വ്യാപകമായി പണം ഒഴുക്കുകയാണ് ബിജെപി. ഒന്നാം സ്ഥാനം ഉറപ്പുള്ള യുഡിഎഫും രണ്ടാം സ്ഥാനം ഉറപ്പിച്ചു നിൽക്കുന്ന എൽഡിഎഫും നടത്തിയ പ്രചാരണത്തേക്കാൾ പണക്കൊഴുപ്പിന്‍റെ പ്രചരണമാണ് തോൽവി ഉറപ്പുള്ള ബിജെപി നടത്തുന്നത്. “വിശ്വസിക്കാം ഇവിടെ ഉണ്ടാകും” എന്ന പരസ്യ വാചകം പോലെ എത്ര കിറ്റും പണവും ഒഴുകിയാലും ഡൽഹി കാണില്ല. ഇവിടെ തന്നെയുണ്ടാകും.” – ടി. സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.