ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍

Jaihind Webdesk
Tuesday, June 11, 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍. സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എൽ.ജെ.ഡി യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകർന്നെന്നും എൽ.ജെ.ഡി യോഗത്തിൽ വിമർശിച്ചു.

വനിതാ മതിലിന്‍റെ പിറ്റേന്ന് തന്നെ യുവതികളെ മലകയറ്റാന്‍ നടത്തിയ നടപടികള്‍ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചെന്നും സ്ത്രീവോട്ടുകള്‍ നഷ്ടമാകാന്‍ ഇത് കാരണമായെന്നും എല്‍.ഡി.എഫില്‍ എല്‍.ജെ.ഡി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ശബരിമലയിലെ പോലീസ് നടപടികളും തിരിച്ചടിയായതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെന്നും വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാടറിയിച്ചു.

സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്താന്‍ പ്രത്യേക യോഗം ചേരാന്‍ എൽ.ഡി.എഫ് തീരുമാനിച്ചു. ബി.ജെ.പിക്ക് ബദലായി കോൺഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍.ഡി.എഫിന് തിരിച്ചടിയായെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹം എതിരായെന്നും എല്‍.ഡി.എഫ് വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്  എല്‍.ഡി.എഫ് കണ്‍വീനര്‍ വിശദീകരിച്ചു.