കൊറോണ മുൻകരുതൽ നടപടി : ശബരിമല ഉത്സവം മാറ്റിവച്ചു

Jaihind News Bureau
Tuesday, March 24, 2020

ഈ മാസം 29 മുതൽ ഏപ്രിൽ 7 വരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോൽസവം മാറ്റിവച്ചു. പ്രസ്തുത സാഹചര്യത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉൽസവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു. 28 ന് വൈകുന്നേരമാണ് ഉൽസവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിറുത്തി വയ്ക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ലോക് ഡൗൺ വരുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കേണ്ടതില്ല എന്നതുൾപ്പെടെയുള്ള തീരുമാനം ബോർഡ് കൈക്കൊണ്ടത്.