
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ തേടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദരവുമെത്തി. മാര്‍ച്ച് മാസത്തിലെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ‘പ്ലെയര്‍ ഓഫ് ദി മന്ത്’ പുരസ്കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ഐപിഎല്ലിലെ മാച്ച് വിന്നിംഗ് പ്രകടനവും അന്താരാഷ്ട്ര തലത്തിലെ സ്ഥിരതയുമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്.
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ സഞ്ജു സാംസണ് പുറത്തെടുത്ത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുരസ്കാര നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനും വേഗത്തില്‍ റണ്‍സ് കണ്ടെത്താനുമുള്ള താരത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടു. ലോകവേദിയിലെ ഈ മിന്നും പ്രകടനമാണ് സഞ്ജുവിനെ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. സഹതാരവും ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചുമായ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ വളര്‍ന്നുവരുന്ന യുവതാരം കോണര്‍ എസ്റ്റര്ഹൂയിസന് എന്നിവരുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് സഞ്ജു ഈ പുരസ്കാരം നേടിയത്. ബുംറയെപ്പോലൊരു ഇതിഹാസ ബൗളറെ പിന്തള്ളി ഒരു മലയാളി താരം ഈ നേട്ടം കൈവരിച്ചു എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് വലിയ അഭിമാനത്തിന് വകനല്കുന്ന ഒന്നാണ്.