8 പതിറ്റാണ്ട് പിന്നിട്ട തൂത പാലത്തിലെ ദുരിതങ്ങള്‍

Jaihind News Bureau
Tuesday, July 23, 2019

മലപ്പുറം പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂത പാലത്തിലൂടെ കാൽ നടയാത്രക്കാർ സഞ്ചരിക്കുന്നത് ജീവൻ പണയം വച്ചാണ്. രണ്ട് വാഹനങ്ങൾ ഒപ്പം വന്നാൽ തിങ്ങി ഞെരിഞ്ഞു വേണം വാഹനങ്ങൾക്കും കടന്നു പോകാൻ. 80 വർഷം പഴക്കമുള്ള പാലത്തെ അധികൃതർ മറന്ന മട്ടാണ്.

മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തൂത പാലം. പെരിന്തൽമണ്ണ മുണ്ടൂർ സംസ്ഥാന പാതയിലാണ് തൂതപാലം. ഒരൽപ്പം സാഹസികതയുണ്ടെങ്കിൽ മാത്രം കാൽനടയാത്രക്കാർക്ക് ഇത് വഴി നടന്നു പോകാം. വീതി കുറഞ്ഞ പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്. തിങ്ങി ഞെരുങ്ങി വേണം വാഹനങ്ങൾക്ക് കടന്നു പോകാൻ. ഈ സമയം ഗതാഗതകുരുക്കും രൂക്ഷമാകും. നടപ്പാതയില്ലാത്ത പാലത്തിലൂടെ കാൽനടയാത്രക്കാർ പാലം കടക്കുന്നത് രണ്ടും കൽപ്പിച്ചാണ്. തൂത ഹൈസ്‌ക്കൂൾ ഉൾപ്പെടെ നാല് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ദിവസേന കാൽനടയായി സഞ്ചരിക്കുന്നത് ഇതു വഴിയാണ്.

മഞ്ചേരി പി.ഡബ്ല്യു.ഡി ക്കു കീഴിലുള്ള പാലത്തിന് 80 വർഷത്തോളം പഴക്കമുണ്ട്. 20 വർഷം മുൻപാണ് അവസാനമായി അറ്റകുറ്റപണി നടത്തുന്നത്. രണ്ട് വർഷം മുൻപ് പാലം വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയെങ്കിലും അത് കടലാസിലൊതുങ്ങി.

വാഹനയാത്രയും ഗതാഗതവും വികസിക്കാതിരുന്ന പഴയകാലത്തു നടപ്പാതപോലും ഇല്ലാതെ നിർമിക്കപ്പെട്ട ഈ പാലം നഗരത്തിന്‍റെ വളർച്ചയ്ക്കനുസരിച്ചു പുനർനിർമിക്കാത്തതിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.