സര്‍ക്കാര്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പരാതിയുമായി ബന്ധുക്കള്‍

Jaihind Webdesk
Thursday, December 6, 2018

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. ഇടതുകാലില്‍ നടത്തേണ്ട ശസ്ത്രക്രിയ വലതുകാലിന് നടത്തിയതായി പരാതി. കവളമുക്കട്ട മച്ചിങ്ങല്‍ ആയിഷയ്ക്കാണ് (57) തെറ്റായി ശസ്ത്രക്രിയ നടത്തിയത്.

”ഒന്നര വര്‍ഷം മുമ്പ് വീണ് ഇടതുകാലിന്‍റെ മുട്ടിന് താഴെയായി എല്ല് ഒടിഞ്ഞിരുന്നു. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. അതേ ഡോക്ടറെ തന്നെയാണ് കമ്പിയെടുക്കാന്‍ സമീപിച്ചത്. പ്രമേഹമുള്ളതിനാല്‍ ഒമ്പതുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം എടുത്ത എക്സ്റേയും ഒടിവു പറ്റിയപ്പോള്‍ എടുത്ത എക്സ്റേയും ഉള്‍പ്പെടെ ഇന്നലെ രാവിലെ ഓപ്പറേഷന്‍ തിയേറ്ററിലെത്തി ഡോക്ടറെ കാണിച്ചു. എങ്കിലും വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയത്. മരവിപ്പിച്ചതിനാല്‍ പെട്ടെന്ന് മനസിലായില്ല” സംഭവത്തെക്കുറിച്ച് ആയിഷ പറയുന്നു.

പിന്നീട് അബദ്ധം മനസ്സിലായപ്പോള്‍ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍ക്കെതിരെ ഡി.എം.ഒയ്ക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് ആയിഷയുടെ മകന്‍ ഷൗക്കത്ത് പറഞ്ഞു.

ആയിഷയുടെ വലതുകാലില്‍ മുട്ടിന് താഴെ മുറിപ്പാടുണ്ട്. ഏതു കാലിനാണ് കമ്പിയിട്ടതെന്ന് ചോദിച്ചപ്പോള്‍ ആയിഷ വലതുകാല്‍ ചൂണ്ടിക്കാട്ടിയതിനാലാണ് അബദ്ധം പിണഞ്ഞതെന്ന് ഡോക്ടര്‍ വിശദീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.