വയനാട്ടിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കും : ടി സിദ്ദിഖ് എംഎൽഎ

Jaihind Webdesk
Sunday, June 20, 2021

ന്യൂഡൽഹി : നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാത്ത വയനാട് ജില്ലയിൽ പരീക്ഷാകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ സതീഷ് ഗുപ്ത ടി സിദ്ദിഖ് എംഎൽഎയെ അറിയിച്ചു. ഡല്‍ഹിയിൽ
ഒക് ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആസ്ഥാനത്തെത്തിയാണ് എംഎൽ എ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

മലയോര പ്രദേശമായ വയനാട് ജില്ലയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി മത്സര പരീക്ഷാ കേന്ദ്രങ്ങൾ ജില്ലയിൽ ഇല്ലാത്തതാണ്. നൂറിലധികം കിലോമീറ്ററുകൾ താണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചാൽ മാത്രമേ ഇത്തരം പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുകയുള്ളൂ. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ദൂരയാത്ര ചെയ്തത് പരീക്ഷയെഴുതി മടങ്ങുന്നതും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടുതന്നെ പഠനത്തിൽ മികവു പുലർത്തുന്ന പല വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാനുള്ള സാധ്യത മങ്ങുകയാണെന്നും, ജില്ലയുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് പ്രധാന മത്സരപരീക്ഷയായ നീറ്റ് പരീക്ഷയുടെ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വിഷയം പ്രാധാന്യമുള്ളതാണെന്നും പരീക്ഷ കേന്ദ്രങ്ങൾ ഇല്ലാത്തതുകൊണ്ട് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ സതീഷ് ഗുപ്ത എംഎൽഎയ്ക്ക് ഉറപ്പ് നൽകി.