തൃശൂരില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

Jaihind Webdesk
Sunday, April 10, 2022

 

തൃശൂർ:  വെള്ളികുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. സ്വത്ത് തര്‍ക്കം മൂലമുള്ള കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് വിവരം. കൊല നടത്തി ഒളിവില്‍ പോയ മകൻ അനീഷിനായി പോലീസ് തെരച്ചില്‍ ഊർജിതമാക്കി.

തൃശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന് മുമ്പില്‍ മാവിന്‍ തെെ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി വാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയതാണ് അച്ഛന്‍. ഇതിനിടെ പ്രതി വീടിനകത്തു നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും വെട്ടി. കഴുത്തിന് വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

പോലീസ് എത്തും മുമ്പെ അനീഷ് സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. അനീഷാണ് കൊലപാതക വിവരം നാട്ടുകാരെ അറിയിച്ചത്. അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്ക്രെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.