ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിർക്കണം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, September 29, 2021

 

മലപ്പുറം : ഭിന്നിപ്പുണ്ടാക്കി ഇന്ത്യയെന്ന ആശയത്തെ തന്നെ തകർക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ചു നിന്നാണ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ നമ്മൾ ചെറുക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മലപ്പുറം വണ്ടൂർ കാളികാവിലുള്ള ഹിമ ഡയാലിസിസ് സെന്‍റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഡയാലിസിസ് സെന്‍ററുകൾ ഉൾപ്പടെയുള്ള സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന്‍റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് മണ്ഡലത്തിലെ സന്ദർശനാർത്ഥം എത്തിയ അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 8.15 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, എംകെ രാഘവൻ എംപി, എംഎൽഎമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു.